നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് 1080 പേര്‍

Kerala

കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് നിലവില്‍ സമ്പര്‍ക്കപട്ടികയില്‍ ഉള്ളത് 1080 പേര്‍. ഇന്ന് 130 പേരെയാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ 297 പേരുണ്ട്.

ഇന്ന് നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 72 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുടെ എണ്ണം 417 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 153 പേരാണ് ഉള്ളത്. റീജിയണല്‍ വി ആര്‍ ഡി ലാബില്‍ ഇന്ന് ലഭിച്ചത് 22 സാമ്പിളുകളാണ്.

കോള്‍ സെന്ററില്‍ ഇന്ന് 168 ഫോണ്‍ കോളുകളാണ് വന്നത്. ഇതുവരെ 671 പേര്‍ കോള്‍ സെന്ററില്‍ ബന്ധപ്പെട്ടു. ഇതുവരെ 180 പേര്‍ക്കാണ് മാനസിക പിന്തുണ നല്‍കിയത്. ആവശ്യത്തിന് മരുന്നുകള്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.

രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഒരുക്കിയ 75 മുറികളില്‍ 62 എണ്ണം ഒഴിവുണ്ട്. ആറ് ഐ സി യുകളും, നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഒന്‍പത് മുറികളും അഞ്ച് ഐ സി യുകളും, രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഏഴ് മുറികള്‍ വീതവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രിയില്‍ 10 മുറികളും എട്ട് ഐ സിയുകളും അഞ്ചു വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 10714 വീടുകളില്‍ ഇന്ന് സന്ദര്‍ശനം നടത്തി. 15,633 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്.