ചായയില്‍ മയക്കു മരുന്ന് കലക്കി വയോധികനില്‍ നിന്നും പണം തട്ടിയ വീട്ടുജോലിക്കാരി അറസ്റ്റില്‍

Crime

കൊച്ചി: ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി വയോധികനില്‍ നിന്നും പണം തട്ടിയ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റില ജനത റോഡില്‍ 79 കാരന് ചായയില്‍ മയക്കുമരുന്ന് കലക്കി നല്‍കി ബോധരഹിതയാക്കിയ ശേഷം പണം തട്ടിയ തമിഴ്‌നാട് സ്വദേശിനി ഭുവനേശ്വരി എന്ന സ്ത്രീയാണ് പിടിയിലായത്. വൈറ്റില സ്വദേശി ശശിധരന്‍ എന്നയാള്‍ക്കാണ് ഭൂവനേശ്വരി ചായയില്‍ മയക്കു മരുന്ന് കലക്കി നല്‍കിയത്. ശശിധരനെ ബോധരഹിതനാക്കിയ ശേഷം 16000 രൂപയാണ് ഭുവനേശ്വരി കൈക്കലാക്കിയത്.

ശശിധരന്റെ മകള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രാജ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം രൂപികരിച്ച അന്വേഷണ സംഘത്തില്‍ മരട് സ്‌റ്റേഷന്‍ എസ് ഐ സെബാസ്റ്റ്യന്‍ പി ചാക്കോ, എ എസ് ഐ രജിമോന്‍ എന്‍ എസ്, സി പി ഒമാരായ രതീഷ് കെ ബി, രശ്മി രാജേന്ദ്രന്‍, ശാന്തിനി പി എസ് എന്നിവരുമുണ്ടായിരുന്നു.