ജില്ലാ സ്‌കൂള്‍ കലോത്സവം; സുല്‍ത്താന്‍ ബത്തേരിയില്‍ ഇന്ന് വിളംബര റാലി

Wayanad

സുല്‍ത്താന്‍ ബത്തേരി: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ വിളംബര റാലി നടത്തും. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ 27 മുതല്‍ 30 വരെയാണ് വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം നടക്കുക. ഇന്ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് അസംപ്ഷന്‍ സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന റാലി സര്‍വ്വജന സ്‌കൂളില്‍ സമാപിക്കും.

സര്‍വ്വജന സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, ഡയറ്റ് ബത്തേരി, അസംപ്ഷന്‍ സ്‌കൂള്‍, മാര്‍ബസേലിയോസ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും റാലിയില്‍ അണിനിരക്കും. കൂടാതെ ജനപ്രതിനിധികള്‍, സംഘാടകസമിതി അംഗങ്ങള്‍, സുല്‍ത്താന്‍ബത്തേരി വികസനം വാട്‌സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരും റാലിയുടെ ഭാഗമാകും. വനിതകളുടെ കൈകൊട്ടിക്കളി, ശിങ്കാരിമേളം, നാസിക് ഡോള്‍, ഫ്‌ലാഷ് മോബ് എന്നിവ റാലിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.