ഭാര്യയേയും മകളെയും വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി

Crime

ഒഡീഷ: ഭാര്യയേയും മകളെയും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. ഒഡീഷയിലാണ് ഗണേശ് പത്ര എന്ന യുവാവ് ഭാര്യ ബസന്തി പത്ര(23), മകള്‍ ദേബസ്മിത എന്നിവരെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗണേശ് പത്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

പാമ്പ് കടിയേറ്റ് മരിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി എട്ടു ലക്ഷം രൂപ നല്‍കും. ഈ പണം കൈപ്പറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഗണേശ് പത്ര ഈ ക്രൂരകൃത്യം നടത്തിയത്. കുടുംബ പ്രശ്‌നവും കൊലപാതകത്തിന് കാരണമായി. ഒക്ടോബര്‍ ഏഴിനാണ് ഗഞ്ചം ജില്ലയിലെ കബിസൂര്യ നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ അധേഗാവില്‍ കൃത്യം നടന്നത്.

ഇരുവരുടേയും വലത് കാലിന്റെ കണങ്കാല്‍ എല്ലിന് തൊട്ടുമുകളിലായാണ് പാമ്പ് കടിയേറ്റത്. കടിയേറ്റ ഇവര്‍ സഹായത്തിനായി നിലവിളിക്കുകപോലും ചെയ്തിട്ടില്ലെന്നതും കടിച്ച പാമ്പ് അതേ മുറിയില്‍ തന്നെ തുടരുന്നത് അസാധാരണമാണെന്ന് പാമ്പ് വിദഗ്ധര്‍ പൊലീസിനോട് പറഞ്ഞതും സംശയത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകമാണ് നടന്നത് എന്നതിലേക്ക് വഴിതെളിച്ചത്. മുറിയിലുണ്ടായിരുന്ന പാമ്പിനെ അടിച്ചു കൊന്നുവെന്നായിരുന്നു പത്ര പറഞ്ഞത്.

പ്രതിയും ഭാര്യയും തമ്മില്‍ 2020ല്‍ ആണ് വിവാഹിതരായത്. ഇവര്‍ തമ്മില്‍ മിക്കപ്പോഴും വഴക്കുണ്ടാകുക പതിവായിരുന്നു. മാരകമായ വിഷമുള്ള പാമ്പിനെ കണ്ടെത്തുന്നതിനായി സമീപത്തെ പാമ്പാട്ടികളുമായി ബന്ധപ്പെട്ടു. മതപരമായ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞായിരുന്നു ഇയാള്‍ പാമ്പാട്ടിയില്‍ നിന്നും ഒരു വിഷപ്പാമ്പിനെ സ്വന്തമാക്കിയത്.

ഒക്‌ടോബര്‍ ആറിന് ശ്യമമഘ പ്ലാസ്റ്റിക് പാത്രത്തില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്ന് ഭാര്യയും മകളും കിടന്നിരുന്ന മുറിയിലേക്ക് തുറന്നുവിട്ട ശേഷം മറ്റൊരു മുറിയില്‍ ഉറങ്ങാന്‍ പോയി. പിറ്റേന്ന് രാവിലെയാണ് ഇരുവരെയും പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 5.45 ഓടെ പാമ്പുകടിയേറ്റ് ഭാര്യയും മകളും മരിച്ചെന്ന് വാദിച്ച് ഇയാള്‍ നിലവിളിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. യുവതിയെയും മകളെയും ഹിഞ്ജലിക്കട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പാമ്പുകടിയേറ്റ് മരണം സ്ഥിരീകരിച്ചതിനാല്‍ പോലീസ് പാമ്പുകടിയേറ്റ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്നാല്‍ ബസന്തി പത്രയുടെ പിതാവ് ഖല്ലി പത്ര തന്റെ മരുമകനെതിരെ കേസ് നല്‍കി. തന്റെ മകളെ ഇയാള്‍ കൊലപ്പെടുത്തിയതാകാമെന്ന ഇദ്ദേഹത്തിന്റെ പരാതിയാണ് കേസില്‍ വഴിത്തിരിവായത്.