പാലക്കാട്: ആത്മീയതയുടെ മറവില്‍ ലൈംഗീക പീഡനം നടത്തിയ തങ്ങള്‍ അറസ്റ്റില്‍. വടകര എടോടി മശ്ഹൂര്‍ മഹലില്‍ സൈനുല്‍ ആബിദ് തങ്ങളാണ് (48) പൊലീസിന്റെ പിടിയിലായത്. ആത്മീയതയുടെ മറവില്‍ തേനില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ആത്മീയ ഗുരുവായി സ്വയം അവരോധിച്ച് നടക്കുന്ന സൈനുല്‍ ആബിദിന്‍ തന്റെ വടകരയിലെ വീട്ടില്‍വെച്ചാണ് 2002ല്‍ യുവതിക്ക് തേനില്‍ മയക്കുമരുന്ന് നല്‍കി ആദ്യ പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സൈനുല്‍ ആബിദിന്റെ കുടുംബത്തെ പരിചരിക്കാനെന്ന് പറഞ്ഞാണ് എസ് എസ് എല്‍ സി കഴിഞ്ഞയുടനെ യുവതിയെ കുടുംബം വടകരയിലേക്ക് അയച്ചത്. വടകരയിലെ വീട്ടില്‍ വെച്ചും യുവതിയുടെ വീട്ടില്‍വെച്ചുമായിരുന്നു തങ്ങള്‍ യുവതിയെ പീഡിപ്പിച്ചത്.
യുവതിയുടെ കുടുംബം ആത്മീയ ഗുരുസ്ഥാനത്തായിരുന്നു തങ്ങളെ കണ്ടിരുന്നത്. ഈ വിശ്വാസം മുതലെടുത്തായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പലപ്പോഴായുള്ള പീഡനം.