ഗാന്ധിജി Consistency ഒരു ഗുണമായി കരുതിയില്ല, പിന്നെ, തങ്ങളുടെ വഴി പരാജയപ്പെട്ടന്ന് തിരിച്ചറിഞ്ഞ നക്‌സലുകളെ നാമെന്തിന് ശിഷ്ടജീവിതം consistent ആയി ജീവിക്കാന്‍ നിര്‍ബന്ധിക്കണം?

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

ഒരു പാട് അഭിവീക്ഷണപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ള കാര്യമാണ് 70 കളിലെ നക്‌സലൈറ്റുകളെ കുറിച്ചുള്ള ഇക്കാലത്തെ വിലയിരുത്തല്‍. ജയിച്ചവരെ വച്ച് മാത്രം ചരിത്രം ഉണ്ടാക്കിയാല്‍ അത് മൂല്യരഹിതമായ, രക്തം വാര്‍ന്ന് വിളര്‍ച്ച ബാധിച്ച ഒന്നാവും. ഉദ്ദേശശുദ്ധി വച്ചാണ് ഒരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടത്. ഉദാഹരണത്തിന്, എന്റെ ദൃഷ്ടിയില്‍ ഗാന്ധിജി (വിഭജനം മൂലം, നെഹ്‌റുവിന്റെ സോവിയറ്റ് അനുകരണ നയം മൂലം) 1947ലും, നെഹ്‌റു(ആഗോളവല്‍ക്കരണം മൂലം) 1991ലും പരാജയപ്പെട്ടവരാണ്. 1906ല്‍ ഗാന്ധിജി എഴുതിയ ‘ഹിന്ദ് സ്വരാജ്’ ഈ നിയോ ലിബറല്‍ കാലത്ത് വായിച്ചാല്‍ നക്‌സലുകള്‍ എഴുപതുകളില്‍ പ്രചരിപ്പിച്ച മാവോ സൂക്തങ്ങള്‍ പോലെ തന്നെ കോമഡി ആയി തോന്നും. എന്നിട്ടും ഗാന്ധിജിയെയും മറ്റും നാം വിജയികള്‍ എന്ന് കരുതുന്നതും ആരാധിക്കുന്നതും അവര്‍ ഇനിയുള്ള കാലത്തും മനുഷ്യരാശിയില്‍ മൂല്യസുദൃഢീകരണം നടത്തും എന്നുള്ളത് കൊണ്ടാണ്. സമകാലീനഅലവലാതികളുടെ ചെയ്തികള്‍ കണക്കിലെടുത്ത് കേരളത്തിലെ കൃഷ്ണപിള്ള, എകെജി, കെ പി ആര്‍ തുടങ്ങിയ ആദ്യകാല കമ്മ്യൂണിസ്റ്റുകളെ നാം എഴുതിത്തള്ളാറില്ലല്ലോ.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഗാന്ധിജിയും സവര്‍ക്കറും ലണ്ടനില്‍ ആദ്യമായി പരസ്പരം കണ്ടുമുട്ടി. ഗാന്ധിജിയാണ് ആഗോളപ്രശസ്തനായത്. But Savarkar will have the last laugh by 2030 എന്നാണ് ഞാന്‍ ഭയപ്പെടുന്നത്. എന്നിട്ടും ആദ്യനെ നമ്മള്‍ ആരാധിക്കുന്നു; രണ്ടാമനെ ആത്മാവില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു.

ഗാന്ധിജി

വിഡ്ഢിത്തം എന്ന് വിളിക്കപ്പെടുന്ന നക്‌സലൈറ്റുകളുടെ കാല്പനികതയെ കുറിച്ച് അവര്‍ തന്നെ ധാരാളം എഴുതിയിട്ടുണ്ടല്ലോ. അത് അക്കാലത്ത് ഇന്തോനേഷ്യയിലും മലയേഷ്യയിലും വിയറ്റ്‌നാമിലും ലാറ്റിന്‍ അമേരിക്കയിലും ഫ്രാന്‍സിലും മറ്റ് ഒരു പാട് രാജ്യങ്ങളിലും ഉണ്ടായിരുന്നത് പോലെ തന്നെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ആഗോള കാല്‍പ്പനികതയുടെ ഭാഗമായിരുന്നു. 1968 മുതല്‍ 77 വരെയുള്ള അവരുടെ ജീവിതങ്ങള്‍ എത്ര വിഡ്ഢിത്തം നിറഞ്ഞതാണെങ്കിലും ഞാന്‍ മുന്‍പ് പറഞ്ഞ അര്‍ത്ഥത്തില്‍ മൂല്യവത്തായിരുന്നു.

എന്റെ അനുഭവത്തില്‍, ചൈനയില്‍ നിന്ന് അവര്‍ക്ക് പണം കിട്ടിയിരുന്നു എന്നൊക്കെ പറയുന്നത് fiction ആണ്. ചുരുങ്ങിയത് എനിക്കറിവുള്ള കേരളത്തിലും കല്‍ക്കത്തയിലും. ചൈനക്കാര്‍ക്കും റഷ്യക്കാര്‍ക്കും എല്ലാ കാലത്തെയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ അവയുടെ മൗലികത ഇല്ലായ്മ മൂലം പുച്ഛമായിരുന്നു. തന്നെയുമല്ല ,,ഇവിടെ നക്‌സല്‍ പ്രസ്ഥാനം ഒന്ന് ചൂട് പിടിച്ച് വരുമ്പോഴേക്കും മാവോ സേതുങ് നിക്‌സണുമായി അവസരവാദപരമായ പിംഗ് പോംഗ് നയം ആരംഭിച്ചിരുന്നു. ചൈനക്കാരുടെ മുന്‍ഗണനകള്‍ വേറെ ആയിരുന്നു.

KN രാമചന്ദ്രൻ

കേരളത്തിലൊക്കെ മൂന്നക്കശമ്പളക്കാരായിരുന്ന അനുഭാവികളുടെ ചെറിയ സാമ്പത്തിക സഹായമാണ് ആദ്യകാല നക്‌സലൈറ്റുകള്‍ക്ക് ലഭിച്ചിരുന്നത്. ആദ്യകാല നക്‌സലൈറ്റുകളെ വിശക്കുന്നവരായല്ലാതെ ഈ അനുഭാവികള്‍ കണ്ടു മുട്ടിയിട്ടുണ്ടാവില്ല. ആകെ എനിക്കറിയാവുന്ന വിദേശസഹായം കനേഡിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് നമ്മുടെ രമേശന്‍ കേശവനിലൂടെ Ramesan Kesavan കിട്ടിയ 20000 രൂപയാണ്. (ഒരു കനേഡിയന്‍ വനിതയില്‍ നിന്ന് കിട്ടിയ 50 ഡോളര്‍ തിരിച്ചയച്ചു). അദ്ദേഹം അടിയന്തിരാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ കാലം തടവില്‍ കിടന്നിരുന്നെങ്കിലും മേല്‍പ്പറഞ്ഞ സഹായത്തെക്കുറിച്ചുള്ള തെളിവുകളൊന്നും പടിക്കലിന് കിട്ടാതിരുന്നത് കൊണ്ടാണ് അദ്ദേഹം ഇന്നും നമ്മോടൊപ്പം ജീവിച്ചിരിക്കുന്നത്.

കെ വേണു,

അന്നത്തെ നിലയില്‍ വലിയ ഭൗതിക ഭാഗ്യങ്ങള്‍ ഉപേക്ഷിച്ചാണ് ഇവരില്‍ പലരും ഈ പ്രസ്ഥാനത്തിലേക്ക് വന്നത് എന്നത് കൊണ്ട് നക്കാപ്പിച്ച സഹായത്തില്‍ ആകൃഷ്ടരായിരുന്നിരിക്കാന്‍ സാധ്യതയില്ല. ഉദാഹരണത്തിന് , കെ എന്‍ രാമചന്ദ്രന്‍ വിപ്ലവത്തില്‍ ചേരുമ്പോള്‍ MES ല്‍ എക്‌സികുട്ടിവ് എഞ്ചിനീയര്‍ ആയിരുന്നു. സഹപ്രവര്‍ത്തകനായിരുന്ന ആനന്ദ് എന്നോട് പറഞ്ഞിട്ടുള്ളത് പെട്ടെന്നൊരു ദിവസം ‘ഇന്ത്യന്‍ വിപ്ലവത്തിന് സമയമായി ”എന്നോ മറ്റോ പറഞ്ഞ് ജോലി രാജി വച്ച് പോകുകയായിരുന്നുവത്രെ !

പിന്‍വാതിലിലൂടെ പാര്‍ട്ടിയുടെ തലപ്പത്ത് വന്ന നേതാക്കളുടെ സഹായത്തോടെ പിന്‍വാതിലിലിലൂടെ സ്ഥാനത്തെത്തി ഒരു ഉളുപ്പുമില്ലാത്ത നിരന്തരം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ തീട്ടംതീനി വൈസ്ചാന്‌സലര്മാരുമായി താരതമ്യം ചെയ്താല്‍ കെ .വേണു ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന അക്കാദമിക് സ്ഥാനങ്ങളില്‍ എത്തിച്ചെരുമായിരുന്നു .

സവർകർ

എഴുപതുകളിലെ നക്‌സലൈറ്റുകളുടെ കള്ളും കഞ്ചാവും ഉപയോഗം ! ശാന്തം പാപം ! അവരൊക്കെ സാധാരണക്കാരായ, പല ദൗര്‍ബല്യങ്ങളും ഉണ്ടായിരുന്ന, ഞങ്ങള്‍ അനുഭാവിസുഹൃത്തുക്കള്‍ക്ക് അസഹനീയമായ വിധത്തില്‍ austere ആയിരുന്നു .ഡല്‍ഹിയിലെ ഭരണസിരാകേന്ദ്രത്തിലും പട്ടാളത്തിലും 70 കളുടെ ആദ്യപകുതിയില്‍ തന്നെ ജോലിചെയ്യേണ്ടി വന്നത് കൊണ്ട് ഇന്ത്യന്‍ അവസ്ഥയെ കുറിച്ചുള്ള നീറ്റല്‍ നിലനിന്നിരുന്നെങ്കിലും എന്നില്‍ വിമോചനബോധ്യങ്ങളും യൗവനസഹജമായ നക്‌സലൈറ്റ് ജാഡകളും പെട്ടെന്ന് അവസാനിച്ചു. അത് കൊണ്ട് വലിയ സദാചാരനിഷ്ഠകള്‍ ഒന്നും എനിക്ക് ബാധകമായിരുന്നില്ല. ഞങ്ങളുടെ സൗഹൃദ സംഘത്തിലെ ഏറ്റവും കൂര്‍മ്മബുദ്ധിയും hard core നക്‌സലൈറ്റും ആയിരുന്ന ദേവസ്സിക്കുട്ടിയെ Devassykutty Nayathodan എന്റെ സദാചാരത്തെ കുറിച്ചുള്ള നിലപാടുകളും പ്രസ്ഥാനത്തെ കുറിച്ചുള്ള എനിക്ക് അടക്കാന്‍ പറ്റാതെ പുറത്തു വരാറുള്ള കുല്‍സിത ഫലിതങ്ങളും ക്രുദ്ധനാക്കിയിരുന്നു .ആ ക്രൂര സന്യസ്തഭാവം കണ്ട് ഞാന്‍ ടിയാനെ ‘പാതിരി ‘ എന്നാണ് വിളിച്ചിരുന്നത് .(അത് അടിയന്തിരാവസ്ഥക്കാലം മുഴുവന്‍ ഒളിവില്‍ കഴിഞ്ഞ ദേവസ്സിയുടെ ഒളിവിലെ കോഡ് നാമമായി ഉപയോഗിക്കപ്പെട്ടു .)

പിന്നെ, ദീര്‍ഘജീവിതത്തിലെ consistency . ഗാന്ധിജിക്കു പോലും അത് പാലിക്കാന്‍ കഴിഞ്ഞില്ല. ഗാന്ധിജി കണ്‍സിസ്റ്റന്‍സി ഒരു ഗുണമായി കരുതിയിരുന്നില്ല. പിന്നെ തങ്ങളുടെ വഴി പരാജയപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ നക്‌സലുകളെ മാത്രം നാമെന്തിന് ദീര്‍ഘമായ ശിഷ്ടജീവിതം consistent ആയി ജീവിക്കാന്‍ നിര്ബന്ധിക്കണം ?

ഇതൊക്കെ എഴുപതുകളുടെ കാര്യമാണ് ..അതിനു ശേഷമുള്ള ഘട്ടത്തിലെ നക്‌സലിസവും മാവോയിസവും മാര്‍ക്‌സിന്റെ ‘history repeats itself, first ast ragedy, then as farce’എന്ന ഉദ്ധരണിയെ ന്യായീകരിക്കുന്നതാണ് .