സിനിമ വര്‍ത്തമാനം / ടി കെ ഉമ്മര്‍
(രാജ്യാന്തര ചലചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ഡോണ്‍ പാലത്തറയുടെ ഫാമിലി എന്ന ചിത്രത്തെക്കുറിച്ച് )
ജാതികള്‍ക്കും സമുദായങ്ങള്‍ക്കും പൊതുവായി രൂപപ്പെട്ടു വരുന്ന മനോഘടനകളുണ്ട്. കേരളത്തിലെ കൃസ്ത്യന്‍ മനസ്സിനെക്കുറിച്ച് കുറച്ചു കാലമായി എഴുതാന്‍ ആലോചിക്കുന്നു. ഡോണ്‍ പാലാത്തറയുടെ ഫാമിലി എന്ന സിനിമ കണ്ടതോടെ അതിനെ ബലപ്പെടുത്തുന്ന കുറെ കാര്യങ്ങള്‍ കിട്ടി. ഇരകളില്‍ ഇത് കെ.ജി ജോര്‍ജ് സൂക്ഷ്മമായി മുമ്പ് ചിത്രീകരിച്ചിട്ടുണ്ട്.
കുടുംബത്തിലെ മൂന്നു തലമുറകളിലൂടെ. ഈ സിനിമയിലും കുടുംബം തന്നെയാണ് മുഖ്യം. കൃസ്തുമതത്തെ സംബന്ധിച്ച് സഭയുടെ അടിത്തറ. ഒരു വ്യക്തിയുടെ എല്ലാ വിധ െ്രെകമുകളും ( അതില്‍ മോഷണവും സ്വവര്‍ഗലൈംഗികതയും പോലുള്ള പ്രമാണ ലംഘനങ്ങളെല്ലാം പെടും) ഒളിപ്പിച്ച് മതം, പൗരോഹിത്യം അയാളെ എങ്ങിനെ കുടുംബം എന്ന ഏകകത്തിലേക്ക് ഒരുക്കിയെടുക്കുന്നു എന്നതിന്റെ സൂക്ഷ്മമായ അവതരണമാണീ സിനിമ.

സ്റ്റാറ്റിക് ഷോട്ടുകളിലൂടെയുള്ള ഡോണിന്റെ സ്ഥിരം പരിചരണരീതിയാണ് ഇവിടെയുമുള്ളത്. ഒരു തരം വികാരരാഹിത്യവും അതിജീവനത്തിനുള്ള ത്വരയും ധാര്‍മ്മിക, സദാചാര നാട്യങ്ങളും തിന്മകളെ ഒളിക്കാനും നോര്‍മ്മലൈസ് ചെയ്യാനുമുള്ള ശ്രമവും ജാത്യാഭിമാനബോധവും ആ സമുദായമനസ്സിന്റെ സവിഷേതകളായി വളരെ സര്‍ക്കാസത്തോടെ തന്നെ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അത്തരത്തില്‍ സൂക്ഷ്മമായ വായന ആവശ്യപ്പെടുന്ന സിനിമയാണ് ഫാമിലി.