മോക് പോളിംഗില്‍ പരാതിയുമായി മുന്നണികള്‍

Kerala

കാസര്‍ഗോഡ്/ന്യൂദല്‍ഹി: കാസര്‍ക്കോട് നടന്ന മോക് പോളിംഗില്‍ പരാതി. വോട്ടുകളെല്ലാം താമരയ്ക്ക് പതിഞ്ഞതായാണ് പരാതി ഉയര്‍ന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കാസര്‍ഗോഡ് ലോക്‌സഭാ സ്ഥാനാര്‍ഥിയും സിപിഎം നേതാവുമായ എം.വി. ബാലകൃഷ്ണന്റെയും യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും ഏജന്റുമാരാണ് ജില്ലാ കലക്ടര്‍ കെ. ഇന്‍ബാശേഖറിനു പരാതി നല്‍കിയത്.

വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബി ജെ പിക്കാണ് വോട്ട് ലഭിക്കുന്നതെന്ന് യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ഏജന്റ് മുഹമ്മദ് നാസര്‍ ചേര്‍ക്കളം അബ്ദുല്ല അറിയിച്ചു. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം വോട്ടിങ് മെഷീനിലെ മറ്റുള്ള ചിഹ്നങ്ങളേക്കാള്‍ ചെറുതായാണ് കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോക് പോളിന്റെ ആദ്യ റൗണ്ടില്‍ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമര്‍ത്തി പരീക്ഷിച്ചപ്പോള്‍ നാലു മെഷീനുകളില്‍ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചത്രെ.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ കാസര്‍കോട്ട് ചെയ്യാത്ത വോട്ട് ബി ജെ പിക്ക് പോയ സംഭവം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. വിവി പാറ്റ് സ്ലിപ്പുകള്‍ പൂര്‍ണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷനാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് പ്രശാന്ത് ഭൂഷണന്‍ ഇക്കാര്യം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. നാല് വോട്ടിംഗ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി പോള്‍ ചെയ്തുവെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു.