അപര്‍ണയെ മയക്ക് മരുന്ന് ശൃംഖലയില്‍ എത്തിച്ചത് യാസിര്‍: കുടുങ്ങിയത് കൂടുതല്‍ പേര്‍

Crime

കണ്ണൂര്‍: അപര്‍ണയെ മയക്കുമരുന്ന് ശൃംഖലുടെ കണ്ണിയാക്കിയത് കണ്ണൂര്‍ പുതിയതെരു സ്വദേശി യാസിര്‍. എം ഡി എം എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായ സംഭവത്തിലാണ് യാസിറിന്റേയും മയക്കുമരുന്ന് ശൃംഖലയുടേയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. മയക്കുമരുന്നുമായി കണ്ണൂര്‍ പുതിയതെരു സ്വദേശി യാസിര്‍, പെണ്‍സുഹൃത്ത് അപര്‍ണ, യാസിറിന്റെ സഹോദരന്‍ റിസ്‌വാന്‍, സുഹൃത്ത് ദില്‍ഷിദ് എന്നിവര്‍ പിടിയിലായിരുന്നു. യാസിറും ഇരുപത്തിമൂന്നുകാരിയായ അപര്‍ണ്ണയും കണ്ണൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ലഹരി വില്പന നടത്തിയത്. ഇവരെ പിടികൂടിയതിന് പിന്നാലെ കൂടുതല്‍ അറസ്റ്റ് ഉണ്ടായത്.

ചോദ്യം ചെയ്യലില്‍ റിസ്‌വാനും ദില്‍ഷിദും ലഹരി വില്‍പ്പനയിലെ കണ്ണികളാണെന്ന വിവരം പൊലീസിന് കിട്ടി. തുടര്‍ന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യാസിറിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഹോട്ടലില്‍ കൂടുതല്‍ അളവില്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി കണ്ടെത്തുന്നത്. പിന്നീട് നടത്തിയ റെയ്ഡില്‍ 112 ഗ്രാം എം ഡി എം എ, 111 ഗ്രാം ഹാഷിഷ് ഓയില്‍, മൂന്നു മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്നു കൈമാറാനുള്ള കുപ്പികള്‍, കവറുകള്‍ എന്നിവ കണ്ടെത്തിയിരുന്നു.

പിന്നീട് യാസിറിന്റെ സഹോദന്‍ പി എ റിസ്‌വാന്‍ (22), കൂട്ടാളിയായ കണ്ണൂര്‍സിറ്റി തയ്യില്‍, മൈതാനപ്പള്ളിയിലെ ടി പി ദില്‍ഷാദ് (33) എന്നിവരെയും അറസ്റ്റു ചെയ്തു. ഗായികയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് അറസ്റ്റിലായ അപര്‍ണ. കല്യാണ വീടുകളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായും ഗായികയായും അപര്‍ണ പങ്കെടുക്കാറുണ്ട്.

യാസിര്‍ കല്യാണ വീടുകളിലും മറ്റും ഭക്ഷണം പാര്‍സലായി എത്തിക്കുന്നയാളാണ്. ഇതിനിടയില്‍ ഒരു കല്യാണ വീട്ടില്‍ വെച്ചാണ് അപര്‍ണയം യാസിറും തമ്മില്‍ സൗഹൃദത്തിലാവുന്നത്. അപര്‍ണ സമ്പന്ന കുടുംബാംഗമാണെന്ന് മനസ്സിലാക്കിയ യാസിര്‍ യുവതിയോടടുക്കുകയും മയക്ക് മരുന്ന് ശൃംഖലയില്‍ കണ്ണി ചേര്‍ക്കുകയുമായിരുന്നു.

ലഹരി മരുന്നുകള്‍ എത്തിച്ചിരുന്നത് ബംഗളൂരുവില്‍ നിന്നാണ്. യാസിറിന്റെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവരിലേക്ക് അന്വേഷണം എത്തുമെന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് പറഞ്ഞു.