അവര്‍ പൗര പ്രമുഖരല്ല അപേക്ഷ നല്‍കി വന്നവര്‍; അപേക്ഷ നല്‍കിയാല്‍ ആര്‍ക്കും ക്ഷണിതാവാകാമെന്ന് എ കെ ബാലന്‍

Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഭാത കൂടിക്കാഴ്ച നടത്തുന്നവരൊന്നും പൗരപ്രമുഖരല്ലെന്നും ക്ഷണിതാക്കള്‍ മാത്രമാണെന്നും സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. അപേക്ഷ നല്‍കിയാല്‍ ആര്‍ക്കും ക്ഷണിതാക്കളകാമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ പോയിന്റ് ബ്ലാങ്ക് പരിപാടിയിലാണ് പൗരപ്രമുഖരുടെ കാര്യത്തില്‍ എ കെ ബാലന്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുമായി ഇതിനോടകം കൂടിക്കാഴ്ച നടത്തിയ പ്രമുഖരെല്ലാം അപേക്ഷ നല്‍കി വന്നവരാണെന്ന സി പി എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്റെ പ്രതികരണം വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.

നവകേരള സദസ്സിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലും എത്തുമ്പോള്‍ ചിലരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തുന്നുണ്ട്. പൗരമുഖരുമായാണ് കൂടിക്കാഴ്ച എന്നായിരുന്നു നേരത്തെ മുതല്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ വ്യാപക ട്രോളുകളും ഇറങ്ങിയിരുന്നു. പൗര പ്രമുഖന്‍ ആവാന്‍ എന്താണ് ചെയ്യേണ്ടത് എവിടെയാണ് അപേക്ഷ നല്‍കേണ്ടത് എന്ന് തിരക്കി വിവരാവകാശവും നല്‍കപ്പെട്ടിരുന്നു.

അവതാരികയുടെ ചോദ്യത്തിലാണ് മുഖ്യമന്ത്രി പൗരപ്രമുഖരുമായല്ല ക്ഷണിതാക്കളുമായാണ് ആശയവിനിമയം നടത്തുന്നതെന്നും കലക്ടര്‍ക്കോ എം എല്‍ എക്കോ അപേക്ഷ നല്‍കിയാല്‍ ആര്‍ക്കും ക്ഷണിതാവാകാമെന്നും എ കെ ബാലന്‍ പറഞ്ഞത്. പോയിന്റ് ബ്ലാങ്കിന്റെ പൂര്‍ണ രൂപം ഇന്ന് വൈകിട്ടാണ് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്നത്.