പര്‍വ്വതങ്ങളാകാന്‍ മോഹിച്ച കുന്നുകള്‍

Articles

യാത്ര/ടി കെ ഇബ്രാഹിം

പണ്ടെന്നോ നടത്തിയ അല്‍ ഐന്‍ യാത്രയുടെ ഓര്‍മ്മ മങ്ങിയിട്ടില്ല. വീണ്ടും അവിടേയ്ക്കു പുറപ്പെടുമ്പോള്‍ ആ ചെറുപട്ടണത്തെ പൊതിഞ്ഞ ഹരിതകാന്തിയാണ് അകം നിറയെ. അത്രയൊന്നും ഔന്നത്യമില്ലാത്ത വിചിത്ര രൂപികളായ കല്‍കുന്നുകള്‍ പട്ടണപാര്‍ശ്വത്തില്‍ കോട്ട പോലെ അതിരിട്ട ഇവിടം, പഴയ രാജഗൃഹവും, ചുറ്റും രണ്ടായിരത്തി അഞ്ഞൂറ് ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഈന്തപ്പഴതോട്ടവും കൊണ്ട് കീര്‍ത്തി കേട്ടതാണ്.

ശാസ്ത്രീയമായ ജലസേചനവും പരിപാലനവും കൊണ്ട് ഇവിടം ‘ഒയാസിസ് പാര്‍ക്കെന്ന ‘പേരിനെ ഒന്നു കൂടി സങ്കല്പത്തിലെ പറുദീസയോടടുപ്പിക്കുന്നു. വിവിധയിനം ഈന്തപ്പഴങ്ങള്‍ക്ക് പുറമെ ഓറഞ്ചിന്റെയും മാമ്പഴത്തിന്റെയും തോപ്പുകളുമുണ്ട് ഇതിനകത്തായി. കാടക്കോഴികളുടെ വംശാവലിയില്‍ പെട്ട ഒരിനം കാട്ടു പക്ഷികളുടെ കൂട്ടം സ്വാഭാവികാന്തരീക്ഷത്തില്‍ ഭയമേതുമില്ലാതെ ചിക്കി ചികഞ്ഞു നടക്കുന്നു. പറവകളുടെ മറ്റനേകം ജനുസ്സുകളുമുണ്ട് തോട്ടത്തിലാകെ. അരിപ്രാവുകളുടെ കുറുകലിന്റെ ഭാഷ എങ്ങുമൊന്നു തന്നെ.

നിഴലുകള്‍ ചിത്രവേല ചെയ്ത ഇന്തപ്പഴ തോട്ടത്തിനു നെടുകെയും കുറുകെയുമുള്ള വിശാലമായ രാജകീയവഴികള്‍ അവസാനിക്കുന്നിടത്താണ് രാജകൊട്ടാരങ്ങളെ സംബന്ധിച്ച നമ്മുടെ സങ്കല്പങ്ങളെ ആകെതകര്‍ത്തു കളയുന്ന രാജഭവനം. ഇരുനിലയില്‍ മര ഉരുപ്പടികള്‍ കൊണ്ടു നിര്‍മ്മിച്ച ലാളിത്യമാര്‍ന്ന ഒരു തറവാടു വീടിന്റെ ആന്തരിക ഉള്ളടക്കം മാത്രമുള്ള വിനീത ഭവനം. പേര്‍ഷ്യന്‍ രാജ്യങ്ങളുടെ അഭിവൃദ്ധിയുടെ തുടക്കം അറുപതുകള്‍ക്ക് ശേഷമാണല്ലോ ആരംഭിച്ചത്. അവര്‍ കടന്നുവന്ന വഴിയെ സംബന്ധിച്ച ഓര്‍മ്മകള്‍ക്ക് പാര്‍ക്കാന്‍ മാത്രമായാണ് ഇതിവിടെ നിലനിര്‍ത്തിയതെന്നു തീര്‍ച്ച. ആള്‍പ്പാര്‍പ്പില്ല. പ്രവേശന ഫീസീടാക്കാതെ ആര്‍ക്കും ചെന്നു കാണാം. വിദൂരദൃശ്യങ്ങളില്‍ ചാരനിറം തെളിയുന്ന അല്‍ ഐന്റെ ഭൂഘടനയ്ക്കും മറ്റ് UAE എമറേറ്റുകളുമായി ചേര്‍ച്ചയില്ല.

വിചിത്ര രൂപ മാര്‍ന്ന ‘ജബല്‍ ഹഫീത്തി ‘ലേക്കുള്ള പാത പഴക്കമില്ലാത്തതും കുറ്റമറ്റതുമാണ്. എന്നാല്‍ ഈ കൊച്ചു രാജ്യത്തിന്റെ കാവല്‍ ഭടന്മാരെ പോലെ പട്ടണത്തിനു ചുറ്റുമായി ഉയര്‍ന്നു നില്‍ക്കുന്ന ഈ വെള്ളാരം കുന്നുകള്‍ കരിങ്കല്ലിന്നും മണ്‍കട്ടകള്‍ക്കും മധ്യേ യുള്ള ബലിഷ്ടമല്ലാത്ത പാറയടുക്കുകളാണ്. വെണ്ണക്കല്ലോളം മൃദുലമല്ലെന്നു മാത്രം. സമീപഭൂതകാലത്തിലെങ്ങോ സംഭവിച്ച ഭൂചലനങ്ങളിലോ പ്രകൃതി പ്രതിഭാസങ്ങളിലോ പെട്ട് ഈ ശിലാപാര്‍ശ്വങ്ങളാകെ വിണ്ടുകീറിയും തകര്‍ന്നുമിരിക്കുന്നു. ഇനിയെത്ര കാലം ജബല്‍ ഹഫീത്തിനു ആയുസ്സുണ്ടാകുമെന്ന് ഭൗമശാസ്ത്രജ്ഞര്‍ക്കല്ലാതെ പ്രവചിക്കുക സാദ്ധ്യമല്ല.
ചുരംവഴിയില്‍ കോഫിഷോപ്പുകളും ശൗചാലയങ്ങളുമുണ്ട്. താഴ്‌വാരത്തേതിലും കൂടുതലാണ് ഉയരങ്ങളിലെത്തും തോറും കുളിരിന്റെ കാഠിന്യം.

മുകളിലേക്കുള്ള സന്ദര്‍ശകരുടെ സുരക്ഷയെ ഓര്‍ത്ത് കനത്ത ഇരുമ്പ് വേലികളുണ്ട് വ്യൂ പോയിന്റുകളില്‍. തിരക്കിട്ട ഞങ്ങളുടെ ഈ മലകയറ്റം മറ്റൊന്നിനുമല്ല, അസ്തമയം കാണാന്‍ വേണ്ടി മാത്രം. ഭൂമിയില്‍ ആയിരം ഇടങ്ങളില്‍ അസ്തമിക്കുന്നതും ഉദിയ്ക്കുന്നതും ആയിരം സൂര്യന്മാരാണെന്നു തോന്നാറുണ്ട് ഓരോ അസ്തമയവും ഉദയവും കാണ്‍കെ. സൂര്യാസ്തമയം കാണാനെത്തുന്ന സന്ദര്‍ശകരും ഒരു സ്റ്റാര്‍ ഹോട്ടലുമൊഴികെ ആള്‍ താമസമില്ലാത്ത ആ പര്‍വ്വത ശിരസ്സിലേക്കുള്ള യാത്രയില്‍ സന്ധ്യാനമസ്‌ക്കരത്തിനൊരുങ്ങിയവരെപ്പോലെ വെണ്മയാര്‍ന്ന കെട്ടിട നിരകള്‍ താഴെ കാണാം.

വെള്ളാരം കുന്നുകളുടെ ശുഭ്ര വെണ്മയില്‍ സ്വര്‍ണ്ണവര്‍ണ്ണം നെയ്തു ചേര്‍ത്ത പര്‍വ്വതഞൊറികള്‍കൊണ്ട് മുഖം മറച്ച്, നാണം കുണുങ്ങിയായി സൂര്യര്‍ മറ്റൊരു കുന്നിന്റെ മറുപുറത്തേക്ക് സാവധാനം മറയുന്ന ദൃശ്യം കാണ്‍കെ, പേരിട്ടു വിളിക്കാനറിയാത്ത അനുഭൂതി വിശേഷങ്ങളില്‍ നഷ്ടപ്പെട്ട് ഭാരരഹിതമായ ഒരു
മേഘകീറ് പോലെ നിമിഷ നേരത്തേക്കെങ്കിലും മനസ്സ് ഏകാന്തവും ശാന്തവുമായ തപസ്സില്‍.