കുസാറ്റില്‍ മരിച്ച 4പേരുടെയും പോസ്റ്റുമോര്‍ട്ട നടപടികള്‍ തുടങ്ങി

Kerala

കൊച്ചി: കുസാറ്റിലുണ്ടായ അപകടത്തില്‍ മരിച്ച നാലുപേരുടേയും പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ തുടങ്ങി. മരിച്ച നാലുപേരില്‍ മൂന്നുപേര്‍ വിദ്യാര്‍ത്ഥികളാണ്. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത (21), കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി (21), കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ് (20), എന്നിവര്‍ വിദ്യാര്‍ത്ഥികളാണ്. പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് ആണ് മരിച്ച മറ്റൊരാള്‍.

മരിച്ചവരുടെ മൃതദേഹം കളമേശരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. ഇവിടുത്തെ പോസ്റ്റോമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കുസാറ്റില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.

ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ദുരന്തം നടന്നത്. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കില്‍പ്പെട്ട് പടിക്കെട്ടില്‍ വീണ വിദ്യാര്‍ഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീണാണ് അപകടം സംഭവിച്ചത്.