208 ലെത്തി മരണസംഖ്യ, ഇനിയും കണ്ടെത്താനുള്ളത് 240 പേരെ…

Kerala

മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. 205 പേരുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി സന്നദ്ധ സേവകരും സംഘടനകളും ഒപ്പമുണ്ടാകും. അതേസമയം 225 പേരെ കാണാനില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാണാതായവരെ കുറിച്ചുള്ള ഇതുവരെയുള്ള ഔദ്യോഗക അറിയിപ്പാണ് ഇത്. അതേസമയം മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിച്ച ശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

പരിക്കേറ്റ 195 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതില്‍ 190 പേര്‍ വയനാട്ടിലും 5 പേര്‍ മലപ്പുറത്തുമായിരുന്നു. വയനാട്ടിലെത്തിയ 190 പേരില്‍ 133 പേര്‍ വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 28 പേര്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേര്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയിലും 5 പേര്‍ വൈത്തിരി താലൂക് ആശുപത്രിയിലും എത്തി. നിലവില്‍ 97 പേര്‍ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതില്‍ 92 പേരും വയനാട്ടിലാണ്.

ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളില്‍ കനത്ത നാശമാണ് വിതച്ചത്. മുണ്ടക്കൈ ഗ്രാമത്തെ അപ്പാടെ ഉരുള്‍ വിഴുങ്ങുകയായിരുന്നു. മുണ്ടക്കൈയില്‍ 400 വീടുകളുണ്ടായിരുന്നു. ഇതില്‍ 30 വീടുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്നത് രക്ഷാപ്രവര്‍ത്തകരുടെ കണ്ണുകളേയും ഈറനണിയിച്ചു.

ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ കുട്ടികളെക്കൂടാതെ 860 പേര്‍ മുണ്ടക്കൈയിലുണ്ടായിരുന്നതായാണ് ഏകദേശ കണക്ക്. അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും ഇതുകൂടാതെയുണ്ടാകും. കുടുങ്ങിക്കിടന്ന ഇരുന്നോറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തസ്ഥലത്ത് 218 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 3069 പേരാണ് കഴിയുന്നത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ഞെട്ടല്‍ മാറാതെ ഇനി എന്ത് ചെയ്യണമെന്നറിയാതെ ക്യാമ്പുകളില്‍ കഴിയുകയാണ് രക്ഷപ്പെട്ടവര്‍.