ബംഗളുരു: തന്റെ കുഞ്ഞിനെ ഭര്‍തൃമാതാവ് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. വിവാഹത്തിന് പിന്നാലെ പുത്രവധു അമ്മയായത് ഇഷ്ടമാവാത്തതിനെ തുടര്‍ന്ന് മകന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് യുവതി പറയുന്നത്. കര്‍ണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ അമ്മയാണ് ഭര്‍ത്താവിന്റെ അമ്മയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രസവ ശേഷം അഞ്ചാം മാസം ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയ തന്നോടും ചെറുമകനോടും മാതാവ് അകല്‍ച്ച കാണിച്ചിരുന്നതായും യുവതി വ്യക്തമാക്കുന്നു.
നാഗരത്‌ന, ഗജേന്ദ്ര ദമ്പതികളുടെ മകനും 9 മാസം പ്രായമായ അദ്വികിന്റെ മരണത്തിലാണ് ഭര്‍തൃമാതാവിനെതിരെ പുത്രവധു പൊലീസിനെ സമീപിച്ചത്. ഭര്‍തൃമാതാവ് സരോജത്തിനെതിരെയാണ് പരാതി. വിവാഹത്തിന് ശേഷം ഏറെ വൈകാതെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതിലും ഭര്‍തൃ മാതാവിന് അസംതൃപ്തിയുണ്ടായിരുന്നുവെന്ന് നാഗരത്‌ന ആരോപിക്കുന്നു. ചെറിയ പ്രായത്തില്‍ അമ്മയായതിന് ഭര്‍തൃമാതാവ് നിരന്തരമായി കുറ്റപ്പെടുത്തിയിരുന്നതായി യുവതി പറയുന്നു.
യുവതിയുടെ പരാതിക്ക് പിന്നാലെ അദ്വികിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ് പൊലീസ്. എന്നാല്‍ മകന്റെ ഭാര്യയുടെ ആരോപണം വ്യാജമാണെന്നാണ് സരോജം വിശദമാക്കുന്നത്.