കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ. പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വാല്‍പ്പാറയില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ ഷായ്ക്കാണ് ഇരട്ട ജീവപര്യന്തവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചത്. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്.
കൊച്ചി കലൂരില്‍ നിന്ന് 2020 ജനുവരി 7 ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് പ്രതി സഫര്‍ ഷാ ശിക്ഷിക്കപ്പെട്ടത്. കൊലപാതകം, പീഡനം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കല്‍ എന്നീ കുറ്റങ്ങളിലാണ് ശിക്ഷ. ഒപ്പം തെളിവു നശിപ്പിക്കല്‍ തട്ടിക്കൊണ്ടുപോകല്‍ എന്നി കുറ്റങ്ങള്‍ക്ക് 5 വര്‍ഷം തടവും പ്രതിക്ക് വിധിച്ചു. ഈ അഞ്ച് വര്‍ഷത്തെ ശിക്ഷക്ക് ശേഷമാണ് ജീവപര്യന്തം ശിക്ഷ ആരംഭിക്കുക.
കൊല്ലപ്പെടുമ്പോള്‍ പെണ്‍കുട്ടി നാലര മാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവ് പ്രതി തന്നെയെന്ന് ഡി എന്‍ എ പരിശോധനയിലൂടെ വ്യക്തമായെന്നും അതുകൊണ്ട് പീഡനം തെളിഞ്ഞുവെന്നും കോടതി വിലയിരുത്തി. സ്‌കൂള്‍ പരിസരത്തു നിന്ന് പെണ്‍കുട്ടിയെ കാറില്‍ കയറ്റി കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള വാല്‍പ്പാറയില്‍ എത്തിച്ചാണ് കൊല നടത്തിയത്.