തൊഴിലാളികളുടെ പിന്തുണയില്ലാതെ ആര്‍ക്കും അധികാരത്തിലെത്താനാവില്ല: ആര്‍ ചന്ദ്രശേഖരന്‍

Kerala

കല്പറ്റ: തൊഴിലാളികളുടെ പിന്തുണയില്ലാതെ ആര്‍ക്കും അധികാരത്തിലെത്താനാവില്ലെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. രാജ്യത്തെയും സംസ്ഥാനത്തെയും അധ്വാനിക്കുന്ന തൊഴിലാളി വിഭാഗങ്ങളെ ദ്രോഹിക്കുന്ന നടപടികളില്‍ കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും തമ്മില്‍ മത്സരം ആണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ എന്‍ ടി യു സി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംഗന്‍വാടി ജീവനക്കാര്‍ക്ക് ഡി എ ഇനത്തില്‍ നല്‍കുന്ന തുച്ഛമായ തുക പോലും വെട്ടിക്കുറച്ചു കൊണ്ടും ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാകുന്ന തരത്തില്‍ 26 എ കാര്‍ഡ് അനിയന്ത്രിതമായി വിതരണം ചെയ്തും മുന്നോട്ട് പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. തോട്ടം തൊഴിലാളികള്‍ക്ക് പര്യാപ്തമായ തരത്തില്‍ വേതന വര്‍ദ്ധനവ് നടത്താതെ ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് തൊഴിലാളികളുടെ സര്‍ക്കാര്‍ എന്നവകാശപ്പെടുന്ന കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചും പെട്രോള്‍ ഡീസല്‍ വിലവര്‍ധനയും അശാസ്ത്രീയമായ നിയമ നിര്‍മാണങ്ങളും അടക്കം നടത്തിക്കൊണ്ട് മോട്ടോര്‍ മേഖല തകര്‍ക്കാനുള്ള ശ്രമവും പൊതുമേഖല സ്ഥാപനങ്ങള്‍ വില്പനയ്ക്ക് വെക്കുന്ന നിലപാടുകളുമായി കേന്ദ്രസര്‍ക്കാരും മുന്നോട്ടു പോവുകയാണ്. ഇത്തരം തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി അദ്ദേഹത്തോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.