ചിന്ത / എസ് ജോസഫ്
ഈ പടത്തിലെ പെണ്‍കുട്ടി എന്ന അനിത തമ്പിയുടെ കവിതയെ പറ്റി എഴുതുമ്പോള്‍ ഞാന്‍ തോല്‍വിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ചില സുഹൃത്തുക്കള്‍ അതില്‍ ചില സംശയം പ്രകടിപ്പിച്ചു. സ്വാഭാവികം. ഒരു കാര്യം പറയട്ടെ, ഞാന്‍ തോല്‍വിയെ മഹത്വവല്‍ക്കരിച്ചതല്ല.
ചരിത്രം, അതില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിതങ്ങള്‍ , എല്ലാം വലിയ സംഘര്‍ഷങ്ങളുടേതാണ്, പിടച്ചിലുകളുടേതാണ്. പലപ്പോഴും നിശ്ശബ്ദമായി സഹിച്ചും , കീഴടങ്ങിയും , ചിലപ്പോള്‍ പൊരുതിയും മനുഷ്യര്‍ ചരിത്രത്തില്‍ ജീവിക്കുന്നു.
ഇതില്‍ പോരാടിയ ചില മനുഷ്യരെ കുറിച്ചാണ് അനിത തമ്പിയുടെ കവിത, എന്റെ കുറിപ്പ്. പോരാളികളുടെ തോല്‍വികളെ കുറിച്ച് പറയുമ്പോള്‍ , പോരാടാത്ത മനുഷ്യര്‍ എന്നേ തോറ്റു കഴിഞ്ഞവര്‍ എന്നെഴുതിയ ബ്രെഹ്റ്റിനെ ഞാന്‍ ഓര്‍ക്കുന്നു.
തോല്‍വി ഒരു മോശം കാര്യമായി ഞാന്‍ കരുതുന്നില്ല. തോല്‍ക്കാത്തവര്‍ എന്നതിന് പലപ്പോഴും ചരിത്രത്തില്‍ കിട്ടുന്ന ഉത്തരം പൊരുതാത്തവര്‍ എന്നാണ്. സ്വന്തമായി ഒരു പരാജയമെങ്കിലും ഉണ്ടാകുന്നത് നിങ്ങളുടെ കാലത്ത് നിങ്ങള്‍ സത്യസന്ധമായി ജീവിച്ചു എന്നതിന്റെ തെളിവാണ്. നിങ്ങള്‍ എന്നെങ്കിലും ഉയിര്‍ത്തെഴുന്നേല്‍ക്കുമെങ്കില്‍, അത് നിങ്ങള്‍ തന്നെയാണെന്ന് ഉറപ്പു വരുത്താന്‍ , സംശയിക്കുന്ന ഒരു തോമസ് വരും, അയാളായിരിക്കും ചരിത്രത്തിന്റെ ഉത്തമ ശിഷ്യന്‍. അയാള്‍ തൊടുന്നത് നിങ്ങളുടെ മുറിവുകളെ ആയിരിക്കും.

പരാജയങ്ങളെ കുറിച്ച് ഞാന്‍ എന്നും ഓര്‍ക്കുന്ന ഒരു വരി എഴുതിയത് , വാള്‍ട്ടര്‍ ബെഞ്ചമിന്‍ എന്ന ചിന്തകനാണ്, കാഫ്കയെ കുറിച്ച് . രണ്ടു പേരും ഒരര്‍ത്ഥത്തില്‍ പരാജിതരായിരുന്നു. താന്‍ എഴുതിയ മുഴുവന്‍ കൃതികളുടെയും കൈയെഴുത്തു പ്രതികള്‍ കത്തിച്ചു കളയണം എന്ന് തന്റെ സുഹൃത്ത് മാക്‌സ് ബ്രോഡിനോട് ആവശ്യപ്പെട്ടയാളാണ് കാഫ്ക . നാസികളില്‍ നിന്ന് പലായനം ചെയ്യുമ്പോള്‍ , പിടിക്കപ്പെടും എന്ന ഘട്ടം വന്നപ്പോള്‍ , ആത്മഹത്യ ചെയ്തയാളാണ് വാള്‍ട്ടര്‍ ബെഞ്ചമിന്‍. It is the purtiy and beatuy of a failure. . . .
അത് ഒരു പരാജയത്തിന്റെ വിശുദ്ധിയും സൗന്ദര്യവുമായിരുന്നു എന്നാണ് കാഫ്കയെ കുറിച്ച് ബെഞ്ചമിന്‍ എഴുതിയത്. ഇതിലും മനോഹരമായ ഒരു വരി പരാജയത്തെ കുറിച്ച് ഞാന്‍ വായിച്ചതായി ഓര്‍ക്കുന്നില്ല.
കുടുംബവും, കിരീടവും , രാജ്യവും ഉപേക്ഷിച്ച് വേദനകളുടെ കാരണം തേടിയലഞ്ഞ ഗൗതമന്‍ , മന്ത്രിസ്ഥാനവും വിജയിച്ച ഒരു വിപ്ലവത്തിന്റെ പദവികളും വേണ്ടെന്ന് വെച്ച് ബൊളീവിയയില്‍ മരണത്തിലേക്ക് പോയ ചെഗുവേര, തങ്ങളുടെ എല്ലാം വിട്ടെറിഞ്ഞ് വയനാടന്‍ കാടുകളിലേക്ക് കുടുംബത്തോടെ പോരാട്ടത്തിന് പോയ നമ്മുടെ നാട്ടിലെ ആ പടത്തിലെ പെണ്‍കുട്ടി ….
അതിന്റെ വിശുദ്ധിയും സൗന്ദര്യവും ലോകത്തെ ഇപ്പോഴും മോഹിപ്പിക്കുന്നുണ്ടാകാം, കവിതകള്‍ പിറക്കുന്നത് അതു കൊണ്ടാകാം.