സംവരണത്തിലധിഷ്ഠിതമായ രാഷ്ട്രീയം ഇന്ത്യയില്‍ ഉയര്‍ന്നുവരണം, കീഴാള പ്രതിനിധാനത്തിന്‍റെ രാഷ്ട്രീയമാണത്

Articles

ചിന്ത / കെ കെ സുരേന്ദ്രന്‍

നൈഷ്ഠിക ബ്രാഹ്മണനും ചെറിയ പ്രായത്തിലെ ഭരണാധികാരിയും ആയിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാട്. തിരുമേനി, പട്ടാമ്പിയിലെ തമ്പ്രാന്‍ എന്നൊക്കെയുള്ള വാത്സല്യ വിളിപ്പേരുകളില്‍ അദ്ദേഹം അറിയപ്പെട്ടു. പട്ടിക വിഭാഗങ്ങളുടെ സംവരണത്തെ നേരിട്ടെതിര്‍ത്തില്ലെങ്കിലും മണ്ഡല്‍ കാലത്തടക്കം സംവരണ വിരുദ്ധമായ നിലപാടാണദ്ദേഹം എടുത്തത്. കമ്യുണിസ്റ്റ് വിപ്ലവത്തിലൂടെ മാത്രമേ ജാതിയടക്കമുള്ള എല്ലാ പ്രശനങ്ങളും ശാശ്വതമായി പരിഹരിക്കപ്പെടൂ എന്ന വിശ്വാസമായിരിക്കാം അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഒരാള്‍ക്ക് കമ്യുണിസ്റ്റായിരുന്നിട്ടും അവര്‍ണരുടെ പ്രാതിനിധ്യമായി സംവരണത്തെ കാണാനായില്ല.

സവര്‍ണ സംവരണത്തെ അനുവദിച്ചു കൊണ്ടുള്ള വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ ഒരുപടികൂടി കടന്ന് ദരിദ്രരായ സവര്‍ണര്‍ക്ക് അവര്‍ണര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്നും അവര്‍ക്കു മാത്രമായി അതു വേണമെന്നും ശഠിക്കുന്നു. എന്നാല്‍ ഭിന്നവിധിയെഴുതിയ ജ:രവീന്ദ്ര ഭട്ട് യുക്തിപൂര്‍വം വസ്തുതകള്‍ നിരത്തി അതിദരി5ര്‍ കൂടുതല്‍ അവര്‍ണ സമുദായങ്ങളിലാണെന്നു സ്ഥാപിക്കുന്നുണ്ട്. ജാതീയമായപുറന്തള്ളല്‍ ഭരണഘടനാ വിരുദ്ധമാന്നെന്നും അദ്ദേഹം പറയുന്നുണ്ട്. ബെഞ്ചിന്റെ തലവനായിരുന്ന ചീഫ് ജസ്റ്റിസ് അതിനെ പിന്‍തുണച്ചു എന്നതും ശ്രദ്ധേയമാണ്.

ഇ എം എസ് നമ്പൂതിരിപ്പാട്

ജാതിസംവരണമാണ് ജാതീയതയും അസമത്വവും ഉണ്ടാക്കുന്നതെന്ന അഭിപ്രായമാണ് ഭൂരിപക്ഷ ബെഞ്ചിനുള്ളത്. അതുകൊണ്ടവര്‍ സവര്‍ണര്‍ക്ക് സംവരണം കൊടുക്കണമെന്നും അവര്‍ണരുടേത് ഉടന്‍ നിര്‍ത്തണമെന്നും പറയുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ജാതിയുദ്ധം ഉണ്ടാകുമെന്ന് പണ്ട് നമ്പൂതിരിപ്പാട് പറഞ്ഞത് ഇത്തരുണത്തില്‍ സ്മരണീയമാണ്. റിവ്യു പെറ്റീഷന്‍ കൊടുത്തതു കൊണ്ട് പ്രയോജനമില്ലെന്നാണ് കേള്‍ക്കുന്നത്. ബി.ജെ.പി, കോണ്‍ഗ്രസ്, കമ്യുണിസ്റ്റ് കക്ഷികള്‍, ആപ്പ് , ഡി.എം.കെ. ഒഴികെയുള്ള പ്രാദേശിക പാര്‍ട്ടികള്‍ എല്ലാം തന്നെയും ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്ന തരത്തില്‍ സവര്‍ണ സംവരണത്തെ പ്രകീര്‍ത്തിക്കുന്നു. സംവരണത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ സ്വഭാവം ഇല്ലാതെയാക്കി സമ്പദ് ശാസ്ത്രം മാത്രമാക്കി ചുരുക്കുന്നു.

അംബേദ്ക്കര്‍

അവര്‍ണ ജാതിയില്‍ പിറന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് ജീവിതത്തിനുതകിയത് സംവരണം മാത്രമാണ്. അതുകൊണ്ട് ദാരിദ്ര്യം ഇല്ലാതെയാവുകയായിരുന്നില്ല. എന്റെ മുന്‍ തലമുറ ജാതീയമായി അനുഭവിച്ച അവശതകളും അവഗണനയും എനിക്കുണ്ടായില്ല. ബാല്യത്തിലേ ഞാനുള്‍ക്കൊണ്ട കമ്യുണിസ്റ്റ് മൂല്യങ്ങള്‍ കേവലമൊരു വിശ്വാസവും സ്വപ്നവും എന്നതിനപ്പുറം എനിക്ക് പ്രയോജനം ചെയ്‌തേയില്ല.

സംവരണത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രീയം ഇന്ത്യയിലും കേരളത്തിലും ഉയര്‍ന്നു വരേണ്ട സമയമായി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കീഴടങ്ങാതെ നിന്ന അംബേദ്കറുടെ രാഷ്ട്രീയം. അതിനെ വീണ്ടെടുത്തേ മതിയാകൂ. കീഴാളപ്രതിനിധാനത്തിന്റെ രാഷ്ട്രീയമാണത്.