ക്രൈസ്തവര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വ്യാപകമാകുന്നത് ആശങ്കാജനകം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

Eranakulam

കൊച്ചി: ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നത് ആശങ്കാജനകമാണെന്നും ഭരണഘടന ഉറപ്പുവരുത്തുന്ന മതവിശ്വാസ നീതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം അധികാരത്തിലിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍വ്വഹിക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്രൈസ്തവര്‍ക്കുനേരെ വിദ്വേഷപരമായ മതപീഡന അക്രമങ്ങങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കുത്തനെ ഉയര്‍ന്നിരിക്കുന്നു. 2018ല്‍ 292 കേസുകളാണ് ഇന്ത്യയിലുള്ളതെങ്കില്‍ 2022 ഡിസംബറിലിത് 541 ലെത്തിയിരിക്കുന്നു. ഉത്തര്‍പ്രദേശിലും ഛത്തീസ്ഗഡിലുമാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നിരിക്കുന്നത്. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ ഇക്കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണ്. ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ സര്‍ക്കാരുകളുടെ പിന്തുണയോടുകൂടിയാണ് ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ തീവ്രവാദഗ്രൂപ്പുകള്‍ അഴിച്ചുവിടുന്നത്. ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുള്ള സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും മതവിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് അറുതിയുണ്ടാകണമെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുജനമനഃസാക്ഷി ഉണരണമെന്നും വി സി സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു.

1 thought on “ക്രൈസ്തവര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വ്യാപകമാകുന്നത് ആശങ്കാജനകം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

Leave a Reply

Your email address will not be published. Required fields are marked *