ലയണ്‍സ് ക്ലബ് സമൂഹ വിവാഹം: 8 പെണ്‍ കുട്ടികള്‍ സുമംഗലികളായി; വരവിനേക്കാള്‍ ചിലവുണ്ടാകാതെ കുടുംബം നോക്കണമെന്ന് ഉത്തരമേഖല ഐ ജി കെ സേതുരാമന്‍

Kozhikode

കോഴിക്കോട്: ലയണ്‍സ് ക്ലബിന്റെ കരുതലില്‍ 8 പെണ്‍കുട്ടികള്‍ സുമംഗലികളായി. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഇ യുടെ സഹകരണത്തോടെ ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റിന്റെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹം.

എരഞ്ഞിപ്പാലം ആശീര്‍വാദ് ലോണ്‍സില്‍ നടന്ന ചടങ്ങില്‍ 8 പേര്‍ അവരുടെ ജീവിത പങ്കാളിക്ക് വരണമാല്യം ചാര്‍ത്തി. ഉത്തര മേഖല ഐ ജി കെ സേതുരാമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വരവിനേക്കാള്‍ ചിലവ് ഉണ്ടാകാതെ കുടുംബ ജീവിതം ശ്രദ്ധിക്കണമെന്നും അധ്വാനിച്ചാവണം ജീവിക്കേണ്ടതെന്നും വധു വരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സേതുരാമന്‍ പറഞ്ഞു. വിവാഹത്തിന് മുന്‍പ് മദ്യപാനം ഉള്‍പ്പെടെ ദുഃശീലം ഉണ്ടെങ്കില്‍ അതൊക്കെ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സി എ ടി കെ രജീഷ് അധ്യക്ഷത വഹിച്ചു. കല്യാണ മണ്ഡപം സൗജന്യമായി നല്‍കിയ ആശീര്‍വാദ് ലോണ്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സി വി ബാലനെ ആദരിച്ചു. കമ്യൂണിറ്റി മാരേജ് അഡീഷ്യനല്‍ ക്യാബിനറ്റ് സെക്രട്ടറി വത്സല ഗോപിനാഥിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.

ഓരോ വധുവിനും 2 പവന്‍ സ്വര്‍ണ്ണം, വിവാഹ സാരി തുടങ്ങി മാല ഉള്‍പ്പെടെ നല്‍കി. ചടങ്ങിന് ശേഷം അത്യാവിശ്യ ഡ്രസ് അടങ്ങിയ ബാഗ് സമ്മാനിച്ചു. വിവാഹത്തിന് പറഞ്ഞുറപ്പിച്ച 3 പേര്‍ സാങ്കേതിക കാരണങ്ങളാല്‍ എത്തി ചേര്‍ന്നില്ല. എന്നാല്‍ വാഗ്ദാനം ചെയ്ത സ്വര്‍ണ്ണം ഉള്‍പ്പെടെ വേദിയില്‍ വെച്ച് അവരുടെ കുടുംബാംഗത്തിന് കൈമാറി. മാതൃഭൂമി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, ലയണ്‍സ് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് സെക്രട്ടറി കെ പ്രേംകുമാര്‍, പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് അഡ്വൈസര്‍ ഇ അനിരുദ്ധന്‍, ഡിസ്ട്രിക്ട് സെക്രട്ടറി കെ കെ ശെല്‍വ രാജ്, കെ വി രാമചന്ദ്രന്‍, എം ശ്രീനിവാസ പൈ, ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡന്റ് വി മധുസൂധനന്‍, രവി ഗുപ്ത, ഡോ.പി സുധീര്‍, സുചിത്ര സുധീര്‍, സിതാര സനല്‍ തുടങ്ങിയവര്‍ സംസാരിച്ചു.