പകര്‍ച്ചവ്യാധി നേരിടാന്‍ കേരളം; എല്ലാ മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍

Health News

തിരുവനന്തപുരം: കോവിഡ് അടക്കമള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ കേരളം പൂര്‍ണ സജ്ജമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങുന്നു. 90 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ ഇവ നിര്‍മിക്കുന്നത്. ഇതില്‍ 10 ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി.

ഓരോ നിയമസഭാ മണ്ഡലത്തിലേയും ഒരു ആശുപത്രിയില്‍ 2400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐസൊലേഷന്‍ വാര്‍ഡാണു സജ്ജീകരിക്കുന്നത്. ഓരോ വാര്‍ഡിലും 10 കിടക്കകള്‍ വീതമുണ്ടാകും. പേഷ്യന്റ് കെയര്‍ സോണ്‍, പ്രവേശന ലോബിയോട് കൂടിയ കാത്തിരിപ്പ് കേന്ദ്രം, വിതരണ സ്‌റ്റോര്‍, സ്റ്റാഫ് റൂം, ഡോക്ടേഴ്‌സ് റൂം, ഡ്രെസിംഗ് റൂം, നഴ്‌സസ് സ്‌റ്റേഷന്‍, എമര്‍ജന്‍സി പ്രൊസീജര്‍ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കല്‍ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ മുറികള്‍ ഓരോ വാര്‍ഡിലുമുണ്ടാകും.

എം.എല്‍.എ. ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ചാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കുന്നത്. 250 കോടി രൂപ ചെലവില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ തിരുവനന്തപുരം പൂവാര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കൊല്ലം നെടുങ്കോലം സി.എച്ച്.സി, നെടുമ്പന സി.എച്ച്.സി, തെക്കുംഭാഗം സി.എച്ച്.സി, തൃശൂര്‍ വടക്കഞ്ചേരി ജില്ലാ ആശുപത്രി, പഴഞ്ഞി സി.എച്ച്.സി, പഴയന്നൂര്‍ സി.എച്ച്.സി, മലപ്പുറം വളവന്നൂര്‍ സി.എച്ച്.സി, കോഴിക്കോട് ഗവണ്‍മെന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, ചേവായൂര്‍ ഗവണ്‍മെന്റ് ഡര്‍മെറ്റോളജി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. 75 എണ്ണത്തിന്റെ നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാകും. ആദ്യ ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആധുനിക ഐസൊലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *