തിരുവനന്തപുരം; അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പുതിയൊരു മാതൃകയുമായി കഥക് നര്‍ത്തകി ഡോക്ടര്‍ പാലി ചന്ദ്രയും ശിഷ്യകളും. കേരളത്തിന്റെ മനോഹാരിതയില്‍ മയങ്ങി, കേരളത്തില്‍ നൃത്ത ചിത്രീകരണം നടത്താന്‍ വര്‍ഷങ്ങളായി വരുന്നവരാണ് ഇവര്‍. എന്നാല്‍ പുളിയറക്കോണത്തിന് അടുത്ത് മൈലമൂട് പ്രദേശത്ത് കരമനയാറിന്റെ തുടക്കത്തില്‍ ചിത്രീകരണത്തിനിറങ്ങിയപ്പോള്‍ ചുറ്റും കണ്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവരെ നിരാശപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ഒരു പ്രചരണം ആവാം എന്ന് നര്‍ത്തക സംഘം തീരുമാനിച്ചു. വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹനും അംഗമായ സൂസി ബീനയും തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്തു.
രാവിലെ എട്ടുമണിമുതല്‍ ഗുരു പാലി ചന്ദ്രയും ശിഷ്യരായ മൈഥിലി പട്ടേലും,ജാനകി തോറാട്ടും, ജൂലിയയും , വൃന്ദ ഭാന്‍ഡുലയും, സ്വരശ്രീ ശ്രീധറും( എല്ലാവരും വിവിധ വിദേശ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍) പഞ്ചായത്തിലെ വനിത നേതാക്കള്‍ക്കും സമീപവാസികള്‍ക്കും ഗീതാഗോവിന്ദം ചിത്രീകരണം സംഘടിപ്പിച്ച നാട്യസൂത്ര ഓണ്‍ലൈന്‍ ഡോട്ട് കോം പ്രവര്‍ത്തകര്‍ക്കും ഒപ്പം പുഴ ശുചീകരണം ആരംഭിച്ചു. ഏകദേശം ഒരു കിലോമീറ്റര്‍ ഓളം ദൂരത്തില്‍ പുഴയുടെ ഇരു ഭാഗവും പ്ലാസ്റ്റിക് വിമുക്തമാക്കി.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരിയായ ഡോക്ടര്‍ പാലി ചന്ദ്ര ഏതാണ്ട് 5 വര്‍ഷമായി ഗീതഗോവിന്ദം പൂര്‍ണ്ണമായും നൃത്തരൂപത്തില്‍ ആവിഷ്‌കരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ചരിത്രത്തിലാദ്യമായാണ് ഗീതഗോവിന്ദത്തിന് എല്ലാ പദങ്ങളും നൃത്തരൂപത്തില്‍ ആലേഖനം ചെയ്യുന്നത്. ഫോട്ടോ കാപ്ഷന്‍; കഥക് നര്‍ത്തകി ഡോക്ടര്‍ പാലി ചന്ദ്രയും ശിഷ്യമാരും ചേര്‍ന്ന് വനിതാ ദിനത്തില്‍ പുളിയറക്കോണത്തിന് അടുത്ത് മൈലമൂട് പ്രദേശത്ത് കരമനയാറിനെ ശുചീകരിക്കുന്നു.