പാലക്കാട് പോലീസുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ലും കത്തിക്കുത്തും

Palakkad

പാലക്കാട്: ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ലും കത്തിക്കുത്തും. സംഭവം പുറത്തറിഞ്ഞതോടെ രണ്ടുപേരുടെയും തൊപ്പി തെറിച്ചു. സിപിഒമാരായ ധനേഷും ദിനേഷും ആണ് റെക്കോര്‍ഡ്‌സ് റൂമില്‍ വച്ച് അടിപിടി നടത്തിയത്. കേസെടുക്കേണ്ടെന്ന നിലപാടിലാണ് പോലീസ് ആദ്യം എത്തിയെങ്കിലും ഒടുവില്‍ പാലക്കാട് എസ്.പി ഇടപെട്ടു ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യുക ആയിരുന്നു.

അന്വേഷണത്തിന് ശേഷം വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ആണ് എസ്പി അറിയിച്ചു. സുഹൃത്തുക്കളായിരുന്നു ഇവര്‍ വ്യക്തിപരമായ തര്‍ക്കത്തെ തുടര്‍ന്നാണ് തമ്മിലടിച്ചത്. ഇരുവരുടെയും കൈയ്ക്ക് പരിക്കുണ്ട്. അതേസമയം കത്തിക്കുത്ത് നടന്നിട്ടില്ലെന്നും അടിപിടിയും മാത്രമാണുണ്ടായതെന്നാണ് പോലീസിന്റെ വാദം.

പോലീസുകാര്‍ക്കിടയിലെ ക്രിമിനലുകളെ കണ്ടെത്തി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇടയ്ക്കിടെ പറയാറുണ്ട്. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന പോലീസുകാരുടെ എണ്ണത്തില്‍ യാതൊരു കുറവും അനുഭവപ്പെടുന്നില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പോലീസ് സേനയില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ താരതമ്യേന കുറവാണെന്നത് മാത്രമാണ് ഏക ആശ്വാസം.

സംസ്ഥാനത്ത് നിലവില്‍ 750 ലേറെ പോലീസുകാരാണ് ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കാണിത്. ഇവരില്‍ 19 പേരെ സേനയില്‍നിന്ന് ഇക്കാലയളവില്‍ പിരിച്ചു വിട്ടിട്ടുണ്ട്. ബാക്കിയുള്ള 730 ഓളം പോലീസുകാര്‍ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പിരിച്ചു വിടപ്പെട്ടവരില്‍ കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസുകാരും വിവിധ കേസുകളില്‍ കോടതി തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും ഉള്‍പ്പെടുന്നു.