ചിന്ത / ഡോ: ആസാദ്
കഥയ്ക്കു പിറകേ പോകുന്നവര്‍ക്ക് നോവല്‍ വായിക്കുമ്പോള്‍ അതിവിശദമായ പശ്ചാത്തലാഖ്യാനങ്ങള്‍ വിരസമായി തോന്നാം. അവര്‍ കഥയ്ക്കു പരിക്കേല്‍ക്കാത്തവിധം താളുകള്‍ മറിക്കാന്‍ ശ്രമിക്കും. ഒരു നോവല്‍ ഒരു കഥയായി വളരെവേഗം വായിച്ചുതീര്‍ക്കും. നോവലിന്റെ രഹസ്യ അറകള്‍ അവരുടെ ശ്രദ്ധയില്‍ പെടുകയില്ല. ആഖ്യാനത്തിന്റെ വിസ്മയവടിവുകളില്‍ അവര്‍ അനുഭവങ്ങളുടെയും ഭാവുകത്വത്തിന്റെയും നവലാവണ്യം കണ്ടെടുക്കാതെ പോകും. അതവരെ അലോസരപ്പെടുത്തില്ല. കാരണം, അവര്‍ക്കാവശ്യം തൃപ്തികരമായ ഒരു കഥ മാത്രമാണ്.
ചലച്ചിത്രത്തിലും ചിലര്‍ തേടുന്നത് കഥയാണ്. ഗാനങ്ങളില്‍ വഴുതിപ്പോവാതെ ബലംപിടിച്ചിരിക്കുന്ന പ്രേക്ഷകരുണ്ടാവാം. പല ഫ്രെയ്മുകളും അശ്രദ്ധമായി വിട്ട് കഥയുടെ നൂലില്‍ സഞ്ചരിക്കുന്ന കലയാണ് സിനിമാകാഴ്ച്ചയെന്ന് അവരവരെ വിശ്വസിപ്പിക്കും. അവര്‍ കഥയറിഞ്ഞാല്‍ ആട്ടം കാണില്ല.
കഥ പ്രധാനംതന്നെ. കഥ അല്ലെങ്കില്‍ പ്രമേയം കലയുടെ കാതലാണ്. മനുഷ്യാനുഭവങ്ങളുടെ ആഖ്യാനമാണ് കഥ. അതിലേക്കു കടക്കാനും മുഴുകി മറികടക്കാനുമുള്ള പ്രേരണയാണ് കാഴ്ച്ചയെയും വായനയെയും നിര്‍ണയിക്കുന്നത്. ആ കഥ പക്ഷേ, കഥാകൃത്ത് എഴുതിയ കഥയല്ല. തകഴിയുടെ ചെമ്മീനല്ല രാമു കാര്യാട്ടിന്റെ ചെമ്മീന്‍. മുകുന്ദന്റെ നോവലല്ല ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍. കഥയറിവ് ആ സിനിമകളുടെ കാഴ്ച്ചക്കു തടസ്സമാവുന്നില്ല. മറ്റൊരു കഥയിലേക്ക്, വിസ്മയകരമായ ആഖ്യാനത്തിലേക്കു നാം പ്രവേശിക്കുകയാണ്.
വായനയ്ക്കുള്ള സൂചകവിന്യസനമാണ് സിനിമയിലെ ദൃശ്യാന്വയങ്ങള്‍. ചതുരവടിവില്‍ അത് നിറഞ്ഞും തെന്നിയും അര്‍ത്ഥസൃഷ്ടി നടത്തുന്നു. ചലനത്തിന്റെ നിറവും വേഗവും നോട്ടക്കോണും ചേര്‍ന്നുള്ള ആഖ്യാനമാണ് ഓരോ പാഠമായി ഓരോരുത്തര്‍ സ്വീകരിക്കുന്നത്. വണ്‍ലൈന്‍ കഥയില്‍നിന്ന് അനന്ത പാഠങ്ങളായി അവയെ ഏകോപിപ്പിക്കുന്ന സ്വന്തം കഥാകാഴ്ച്ചയായി സിനിമ മാറുകയാണ് ചെയ്യുന്നത്. അപ്പോഴും വണ്‍ലൈനിലോ മൂലകഥയിലോ തടഞ്ഞു നില്‍ക്കുന്നവര്‍ സിനിമ കാണുന്നില്ല.
അതേസമയം ഒരു മുഖ്യപ്രമേയം സിനിമയില്‍ ഇല്ലാതെ വരുന്നില്ല. ദൃശ്യങ്ങളുടെ പാഠസാദ്ധ്യതകളെ ദൃശ്യസംയോജനത്തിന്റെ മാന്ത്രിക വിരലുകള്‍ ഒരു കേന്ദ്രത്തിലേക്കു നെയ്‌തെടുക്കും. സംവിധായകന്റെ കഥയിലേക്കും കലയിലേക്കും ഛായാ ഗ്രാഹകനും മറ്റു സാങ്കേതിക വിദഗ്ദ്ധരും വേഷമിടുന്നവരും ചേര്‍ന്നു നടത്തുന്ന വിപുലവും വൈവിദ്ധ്യപൂര്‍ണവുമായ രചനാകര്‍മ്മത്തിന്റെ സമാപ്തിയാണത്. കഥാവായനപോലെ മറ്റൊരു ഗൗരവപൂര്‍ണമായ പാഠരൂപീകരണ പ്രക്രിയയാണ് സിനിമകാണല്‍.
ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു പാഠശാലയിലേക്കാണ് പ്രവേശിക്കുന്നത്.