നിരീക്ഷണം / ഡോ: ആസാദ്
മലയാളികള്‍ നിര്‍ബന്ധമായും വായിക്കേണ്ട രണ്ടു ലേഖനങ്ങള്‍ പുതിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലുണ്ട്. ഒന്ന് ഭാഷാപഠനവുമായി ബന്ധപ്പെട്ട ഗൗരവതരമായ വിചാരവും (സാക്ഷരതയില്ലാത്ത വിദ്യാഭ്യാസം എം എന്‍ കാരശ്ശേരി) മറ്റേത് ഭാഷയുടെ ശാസ്ത്രീയവും സാമൂഹികവുമായ ആസ്പദങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഭാഷാശാസ്ത്ര പഠന(അര്‍ഥവും ന്യൂറോ വായനയുടെ മേല്‍നോട്ടവും പി എം ഗിരീഷ്)വുമാണ്.
എം എന്‍ കാരശ്ശേരിമാഷ് നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസം എവിടെയെത്തി നില്‍ക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു. പുരോഗതിയെന്നാണ് കരുതുന്നതെങ്കില്‍ ഒട്ടും ആശാസ്യമല്ലാത്ത വളര്‍ച്ചയാണത്. ‘അക്ഷരം കൂട്ടിവായിക്കാനറിയാത്തവര് പോലും എസ് എസ് എല്‍ സി പരീക്ഷയില്‍ എ പ്ലസ് നേടുന്നു’ എന്ന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ പ്രസ്താവനയെ അദ്ദേഹം പിന്തുണയ്ക്കുന്നു. ആ വാസ്തവം മൂടിവെക്കാനാണ് സര്‍ക്കാര്‍ ഉത്സാഹിക്കുന്നത്. ശില്പശാലയിലെ പ്രസംഗം ആരു പുറത്തെത്തിച്ചു എന്ന അന്വേഷണത്തിനാണ് വെമ്പല്‍. ഇത് ആരോഗ്യകരമല്ല. വിദ്യാഭ്യാസ പുരോഗതിക്ക് ഒട്ടും ഉതകുന്നതല്ല.
പഠനത്തിന്റെയും പരിശീലനത്തിന്റെയും അടിത്തറയ്ക്ക് വിള്ളലുണ്ടാക്കുന്ന ഈ വ്യാജസമ്പ്രദായത്തില് നിന്ന് എസ് എസ് എല്‍ സിയെ മോചിപ്പിച്ച് അതിന്റെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും നിലവിലെ ഏര്‍പ്പാട് പൊളിച്ചെഴുതാന്‍ രക്ഷിതാക്കള്‍ മുന്നോട്ടു വരണമെന്നും കാരശ്ശേരിമാഷ് അഭ്യര്‍ത്ഥിക്കുന്നു. വാസ്തവത്തില്‍ എസ് എസ് എല്‍ സിക്കു മാത്രമല്ല പ്ലസ് റ്റൂവിലും ഇതേ രീതിയുടെ ആവര്‍ത്തനം കാണാം. സ്വന്തം പേര് തെറ്റാതെ എഴുതാനറിയാത്ത, പത്രംപോലും തെറ്റാതെ വായിക്കാനറിയാത്ത കുട്ടികള്‍ക്ക് ഭാഷാ പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്കാണ് ലഭിക്കുന്നത്! ഈ സമ്പ്രദായം ഗൗരവതരവും നിശിതവുമായ വിമര്‍ശനത്തിനും വിശകലനത്തിനും പൊളിച്ചെഴുത്തിനും വിധേയമാക്കേണ്ടതുണ്ട്. അതിനുള്ള തുടക്കമാവണം കാരശ്ശേരിമാഷുടെ ലേഖനം. കാരശ്ശേരിമാഷ്ക്ക് അഭിവാദ്യം.

പി എം ഗിരീഷിന്റെ പഠനം ന്യൂറോ ഭാഷാശാസ്ത്രത്തെ പരിചയപ്പെടുത്തുന്നു. മസ്തിഷ്കവും അറിവും, ന്യൂറോ അര്‍ത്ഥവിചാരം, ബിംബവ്യവസ്ഥയും ഉടലറിവും, സങ്കല്‍പ്പന ലക്ഷകങ്ങള്‍, ബലമില്ലെങ്കില്‍ ക്രിയകളില്ല, വ്യാകരണവും ഉടലറിവും, കാഴ്ച്ചയും അര്‍ഥവും, വസ്തു പശ്ചാത്തല ബന്ധം, ഉപദാന ലക്ഷണയും അര്‍ഥവും എന്നിങ്ങനെയുള്ള ഉപശീര്‍ഷകങ്ങള്‍ക്കു കീഴിലാണ് ഈ വിഷയത്തിന്റെ വൈപുല്യത്തെ ഒതുക്കി നിര്‍ത്തിയിരിക്കുന്നത്. മലയാളിക്ക് അറിവിന്റെ പുതിയ മേഖലയാണിത്. ഭാഷാശാസ്ത്രത്തിലെ പുതിയ ധാര. സാഹിത്യ വിമര്‍ശത്തിലും ഗവേഷണത്തിലും പുതിയ ദിശകള്‍ തുറക്കുന്ന ജ്ഞാനമണ്ഡലം.
ഡോ എതിരന്‍ കതിരവനെപ്പോലെ ചുരുക്കം ചിലര്‍ മാത്രമാണ് നമ്മുടെ സാഹിത്യ വായനയില്‍ ഈ വഴിയേ സഞ്ചരിക്കുന്നത്. ഗിരീഷ് കോഗ്നിറ്റീവ് ലിംഗ്വിസ്റ്റിക്സിലുള്ള തന്റെ അന്വേഷണങ്ങള്‍ നിരന്തരം പുതുക്കുകയും വിപുലീകരിക്കുകയുമാണ്. അത് ഭാഷാപഗ്രഥനത്തില്‍ പുതിയ വഴി വെട്ടിത്തുറക്കുന്നു. വരാനിരിക്കുന്ന പഠനങ്ങളും ഗവേഷണങ്ങളും ഈ ജ്ഞാനമണ്ഡലത്തെ ആശ്രയിച്ചാവും എന്നത് തീര്‍ച്ച. ഗൗരവപൂര്‍വ്വമായ വായനയും ആലോചനയും ആവശ്യപ്പെടുന്ന പഠനമാണ് ഗിരീഷിന്റേത്. പി എം ഗിരീഷിന് നന്ദി. അഭിവാദ്യം