നിരീക്ഷണം / എസ് ജോസഫ്
ഭാഷ സംസാരിക്കാന്‍ എല്ലാവര്‍ക്കും അറിയാം. പക്ഷേ എഴുതുമ്പോള്‍ തെറ്റുപറ്റുന്നു. സംസാരിക്കുമ്പോള്‍ ആര്‍ക്കും തെറ്റുപറ്റുന്നില്ല. ഉച്ചാരണം അനുസരിച്ച് എഴുതാന്‍ പറ്റുന്ന ഒരു ഭാഷയല്ല മലയാളം. ഗരുഡന്‍ , പീഡനം എന്നിവ എഴുതുമ്പോള്‍ തെറ്റുന്നു. അര്‍ത്ഥം , വ്യര്‍ത്ഥം എന്നത് അര്‍ഥം , വ്യര്‍ഥം എന്നെഴുതാമോ ? ഉല്പാദനം ഉത്പാദനം , ഉല്‍പാദനം ഇവയില്‍ ഏതാണ് ശരി? ഉല്‍പ്രേഷയാണോ ഉത്‌പ്രേക്ഷയാണോ ശരി ? കുടിശിക , കുടിശ്ശിക , കുടിശിഖ ഏതാണ് ശരി. അധ്യാപകര്‍ അദ്ധ്യാപകന്‍ ഇതു രണ്ടും ശരിയാണോ? വ്യത്യസ്തം എന്നാണോ വ്യത്യസ്ഥം എന്നാണോ ശരി ? സ്വാഭാവികം എന്നത് എല്ലാവരും ഉച്ചരിക്കുന്നത് സോഭാവികം എന്നല്ലേ?
ഭാഷാപരമായ തെറ്റുകള്‍ സ്വാഭാവികമാണ്. അത് ഒരവസ്ഥയാണ്. മലയാളം പോലെ അതിസങ്കീര്‍ണമായ ഒരു ഭാഷ എഴുതാന്‍ വളരെ പ്രയാസമാണ് എന്നതാണ് സത്യം. ഇംഗ്ലീഷും അക്ഷരത്തെറ്റ് ഉണ്ടാക്കുന്ന ഭാഷയാണ്.
തമിഴിനോട് അടുപ്പമുള്ള ഒരു ഭാഷയാണ് മലയാളം. തമിഴില്‍ ക ച ട ത പ , ങ ഞ ണ ന മ എന്നീ അക്ഷരങ്ങള്‍ക്കിടയിലുള്ള മലയാളത്തിലെ ഖ , ഛ , ഠ , ഥ , ഫ / ഗ , ജ , ഡ , ദ , ബ / ഘ , ഝ , ഢ , ധ, ഭ എന്നിവ ഇല്ല. ഇവ സംസ്‌കൃതത്തിലെ ലിപികള്‍ ആണ്. ഇതെല്ലാം മലയാളികളെക്കൊണ്ട് എഴുതിപ്പിക്കാനും ഉച്ചരിപ്പിക്കാനും ഉള്ള പ്രയാസം തന്നെയാണ് ഇവിടത്തെ പ്രശ്‌നം. നമ്മുടെ മലയാള ഉച്ചാരണവും അവയുടെ ലിപികളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഒരു വിദ്യാര്‍ത്ഥി അക്ഷരത്തെറ്റുകള്‍ വരുത്തുമ്പോള്‍ അപമാനിക്കപ്പെടുന്നു. കുട്ടി കുറ്റവാളിയാകുന്നു. ആ സമീപനം അരുത്. തെറ്റുകള്‍ തിരുത്താവുന്നതാണ്. തെറ്റുകളില്‍ ആ സാധ്യത ഉണ്ട്. കൊലപാതകിയെ വരെ നമുക്ക് തിരുത്താം.
സത്യത്തില്‍ സംസാരഭാഷയും അത് എഴുതുന്ന രീതിയും തമ്മില്‍ ഒരു ബന്ധവും ഇല്ല. മാത്രമല്ല ഓരോ അക്ഷരവും വാക്കും ഓരോരുത്തരും ഉച്ചരിക്കുന്നത് ഓരോ തരത്തിലാണ്. വാക്കിന്റെ ഉച്ചാരണവും എഴുത്തും തമ്മിലുള്ള ധാരണ തികച്ചും സാങ്കേതികമാണ് . ഈ ധാരണ അഥവാ ബന്ധം ഉറപ്പിക്കാന്‍ ഒരു വലിയ പ്രയാസമുണ്ട്. വളരെ ചെറുപ്പത്തിലേ ഇത് ആവര്‍ത്തിച്ചുറപ്പിച്ചാലേ ഇത് ഉറയ്ക്കുകയുളളു എന്ന് പറയാറുണ്ട്. അങ്ങനെയില്ല. ശ്രമിച്ചാല്‍ എപ്പോഴും നടക്കും.
1 , പത്രവും പുസ്തകവും വായിക്കുമ്പോള്‍ അക്ഷരങ്ങള്‍ നോക്കി വാക്ക് വായിക്കണം.
2 ബുദ്ധിമുട്ടുണ്ടാക്കുന്ന പദങ്ങള്‍ ശ്രദ്ധിച്ചു വയ്ക്കുക.
3 വായനയ്ക്കായി കുറെ സമയം ദിവസവും കരുതിവയ്ക്കുക.
4 സംശയമുള്ള പദങ്ങള്‍ അറിവുള്ളവരോട് ചോദിച്ചു മനസിലാക്കുക.
5 വഴിയില്‍ കാണുന്ന ബോര്‍ഡുകളും സ്ഥലപ്പേരും വായിക്കാന്‍ ശ്രമിക്കുക.
6 സംശയമുള്ള പദങ്ങള്‍ വീട്ടിലെ ഭിത്തിയിലും മറ്റും എഴുതി ഒട്ടിക്കുക
7 കേട്ടെഴുത്തിട്ട് കളിക്കുക
8 നമ്മള്‍ എഴുതിയവ വീണ്ടും വീണ്ടും വായിച്ചു നോക്കുക
9 സാഹിത്യകൃതികള്‍ നല്ല എഴുത്തുകാരെ കാണിക്കുക.
10 ഫെയിസ് ബുക്ക് കവിതകള്‍ അക്ഷരത്തെറ്റുള്ളവയാണ്. അത് ശ്രദ്ധിക്കണം.
11 അമിതമായ ഭാഷാശുദ്ധി ബോധം അനാവശ്യമാണ്.
12 ഇഷ്ടപ്പെട്ട ലഘുനോവലുകള്‍ , നല്ല കവിതകള്‍ ഒക്കെ ബുക്കില്‍ എഴുതി സൂക്ഷിക്കുക.