എഴുത്തും വിവര്‍ത്തനവും / എ പ്രതാപന്‍
പഴയ ഒരു ചീനച്ചട്ടിയുമായി ഞാന്‍ കുറേ നടന്നു. അതിന്റെ കാതുകള്‍ രണ്ടും അടര്‍ന്നു പോയിരുന്നു. പണിക്കാരെല്ലാം കൈയൊഴിഞ്ഞു . അവസാനമൊരാള്‍ പറഞ്ഞു , ഇഷ്ടമായിപ്പോയിട്ടുണ്ടാവും അല്ലേ, ഉപേക്ഷിക്കാന്‍ പ്രയാസമായിരിക്കും, നോക്കട്ടെ. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ തിരിച്ചു വിളിച്ചു. ശരിയാക്കി വെച്ചിട്ടുണ്ട്.
ഞാന്‍ അപ്പോള്‍ ബ്രെഹ്റ്റിന്റെ ഈ കവിത ഓര്‍ത്തു. ആ പണിക്കാരന്‍ ബ്രെഹ്റ്റിന്റെ ഈ കവിത വായിച്ചിട്ടുണ്ടാവില്ല. പക്ഷേ അയാള്‍ തന്റെ കൈകളിലൂടെ കടന്നു പോയ അംഗഭംഗം വന്ന നിരവധി പാത്രങ്ങളെ വായിച്ചിട്ടുണ്ടാവും , അവയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നിട്ടുണ്ടാവും. ആ പണിക്കാരനും ബ്രെഹ്റ്റിനും നന്ദി.
കവിത
മനുഷ്യ സൃഷ്ടികളില്‍ വെച്ച്
ബെര്‍തോള്‍ഡ് ബ്രെഹ്റ്റ്
മനുഷ്യ സൃഷ്ടികളില്‍ എനിക്കേറ്റം പ്രിയം
ഉപയോഗിക്കപ്പെട്ടവയെ
ഞണുങ്ങി വക്കുകള്‍ പരന്ന
ചെമ്പു പാത്രങ്ങളെ
നിരവധി കൈകളില്‍ കടന്നുപോയി
തേഞ്ഞുപോയ മരപ്പിടികളുള്ള
കത്തികള്‍, മുള്ളുകളെ
അവയുടെ സ്വരൂപങ്ങള്‍ ഉല്‍കൃഷ്ടമെന്ന്
എനിക്ക് തോന്നല്‍
അനവധി കാലുകള്‍ ചവിട്ടി തേഞ്ഞ
പഴയ വീടുകള്‍ക്കു ചുറ്റുമുള്ള ചവിട്ടുകല്ലുകള്‍
അവയ്ക്കിടയില്‍ പുല്‍നാമ്പുകള്‍ മുളച്ചത്
അവയത്രെ ആനന്ദകരമായ സൃഷ്ടികള്‍
എത്രയോ പേര്‍ക്ക് ആവശ്യത്തിന് ഉതകിയവ
പല തവണ മാറ്റി പണിതവ
ആകൃതികള്‍ മെച്ചപ്പെടുത്തിയവ
പല കുറി ആസ്വദിക്കപ്പെട്ട്
അമൂല്യങ്ങളായി മാറിയവ
ഛേദിക്കപ്പെട്ട കൈകളുള്ള
ശില്‍പങ്ങളുടെ ഉടഞ്ഞ തുണ്ടുകള്‍ പോലും
എനിക്ക് പ്രിയങ്കരം
ഒരിക്കല്‍ എനിക്കായി തുടിച്ചവ
വീണു പോയെങ്കിലും
നമ്മള്‍ ഏറ്റി നടന്നവ
തകര്‍ക്കപ്പെട്ടുവെന്നാലും ഏറെ
ഉയരങ്ങളിലല്ലാതിരുന്നവ
പാതി തകര്‍ന്ന കെട്ടിടങ്ങള്‍ പോലും
ബാക്കി മുഴുമിപ്പിക്കാന്‍
കാത്തിരിക്കുന്നവ പോലെ
അഭിജാതമായി രൂപകല്‍പന ചെയ്യപ്പെട്ട
അവയുടെ അന്യൂനമായ അനുപാതങ്ങള്‍
നമുക്ക് ഊഹിക്കാവുന്നത്
അവയും നമ്മുടെ തിരിച്ചറിവുകള്‍
ആവശ്യപ്പെടുന്നു
അവയെല്ലാം ഏറെ പ്രയോജനപ്പെട്ടു
പിന്നെ അതിജീവിക്കപ്പെട്ടു
ഇതത്രെ
എന്റെ ആനന്ദങ്ങള്‍ .