ഫൈനല്‍

Articles

ചുമര്‍ ചിത്രം /സുധീര്‍ പണ്ടാരത്തില്‍

സീന്‍ 1:
ശ്രീ.മനോജ് വീട്ടിക്കാട് Manoj Veetikad 2002 ല്‍ എഴുതിയ കവിത ‘ഫൈനല്‍ ‘കഴിഞ്ഞ ദിവസം fb യില്‍ അദ്ദേഹം വീണ്ടും പങ്കുവെച്ചിട്ടുണ്ട്. ഇന്റര്‍ റിലിജിയസ് ഫുട്‌ബോള്‍ മേളയുടെ ഫൈനലില്‍ ഇസ്ലാമിക് ഓര്‍ത്തഡോക്‌സ് കുബ്ബും ഫണ്ടമെറ്റല്‍ ഹിന്ദു ഖേല്‍ സംഘും തമ്മിലുള്ള തീ പാറുന്ന ഏറ്റുമുട്ടല്‍ പുരോഗമിക്കുമ്പോള്‍ ഇരു വിഭാഗത്തിന്റെയും ആരാധകര്‍ ‘അല്ലാഹു അക്ബര്‍’ എന്നും ‘ഹരേ രാമ ഹരേ കൃഷ്ണ ‘ എന്നും ആര്‍ത്തു വിളിച്ചാണ് തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്നത്. ഒടുവില്‍ മത്സരം 1-1 ന് സമനില പാലിച്ചപ്പോള്‍ ഗ്രൗണ്ടിലിറങ്ങിയ ഇരു വിഭാഗത്തിന്റെയും ‘ആരാധകര്‍ ‘ രണ്ടു ടീമിലെയും ഗോളടിച്ച കളിക്കാരെ വെട്ടിവീഴ്ത്തിക്കൊണ്ട് ആരംഭിച്ച കലാപം ക്രമേണ തെരുവിലേക്ക് പടരുകയാണ്. കളിക്കളം കുരുതിക്കളവും കളി കലാപവും ആയി മാറുന്ന വിചിത്രവും ഭയാനകവുമായ അവസ്ഥയെക്കുറിച്ചുള്ള കവിയുടെ ഭാവന 10 വര്‍ഷം മുമ്പത്തേതാണ്!

സീന്‍ 2:
2023 ഒക്ടോബര്‍ 14അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു. 132000 സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്‌റ്റേഡിയത്തില്‍ ന്യൂസിലണ്ടും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരം കാണാന്‍ അതിന്റെ പകുതിയില്‍ താഴെ മാത്രം കാണികള്‍ എത്തിയ സ്ഥാനത്ത്, ദോഷം പറയരുതല്ലോ ഇപ്പോള്‍ സൂചി കുത്താന്‍ ഇടമില്ല. കാണികളുടെ ഇടമുറിയാത്ത ആരവത്തിനും ആര്‍പ്പുവിളികള്‍ക്കുമിടയില്‍ 49 റണ്‍സെടുത്ത് പുറത്തായ പാക് ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ പവിലിയനിലേക്ക് മടങ്ങുമ്പോള്‍ ഒരു കൂട്ടം ഇന്ത്യന്‍ ആരാധകര്‍ ഉച്ചത്തില്‍ ‘ജയ് ശ്രീറാം’ വിളിച്ച് അയാളെ പ്രകോപിപ്പിക്കുന്നു! ഒരു രാഷ്ട്രാന്തരീയ മത്സരത്തില്‍ ഗാലറിയില്‍ നിന്ന് ആദ്യമായി ദൈവത്തിന്റെ പേരില്‍ വെറുപ്പിന്റെ മുദ്രാവാക്യം ഉയരുന്നു!!

പാക് ക്രിക്കറ്റ് ബോര്‍ഡ് ഇതിനെതിരെ ICC യില്‍ പരാതി നല്‍കിയപ്പോള്‍, ‘മീശ മാധവന്‍’ എന്ന സിനിമയില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഏഡ്‌കോണ്‍സ്റ്റബിള്‍ ‘ തുണി പൊക്കിക്കാണിച്ചാല്‍ കേസാക്കാന്‍ വകുപ്പില്ല’ എന്നു പറഞ്ഞതുപോലെ ഒരു കൂട്ടം കാണികള്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞതിന് നടപടിയെടുക്കുന്നത് എങ്ങനെയാണെന്ന് അവര്‍ കൈമലര്‍ത്തുന്നു.’ ദില്‍ ദില്‍ പാകിസ്ഥാന്‍..’ എന്ന ഗാനം മത്സരത്തിലുടനീളം പാടാമായിരുന്നു എന്ന് BCCI ആ സംഭവത്തെ പരിഹസിച്ച് ലളിതവല്‍ക്കരിക്കുന്നു.

മത്സരം ജയിച്ച ഇന്ത്യന്‍ ടീമിനെ ഇന്ത്യന്‍ പ്രധാനമന്ത്രി അഭിനന്ദിക്കുന്നു. കേവലം പ്രാഥമിക റൗണ്ടിലെ ഒരു മത്സരം മാത്രമാണ് ഇതെന്നും, മറ്റു രണ്ടു കളികളില്‍ ഇന്ത്യന്‍ ടീം ജയിച്ചപ്പോള്‍ താന്‍ ഒന്നും മിണ്ടിയിരുന്നില്ല എന്നും, സര്‍വോപരി താന്‍ ‘അതിഥി ദേവോ ഭവ:’ എന്നുദ്‌ഘോഷിക്കുന്ന പാരമ്പര്യത്തിന്റെ ഉടമകളായ ആതിഥേയരാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് എന്നുമുള്ള വസ്തുതകള്‍ ദേശസ്‌നേഹത്തിന്റെ തിരത്തള്ളലില്‍ അദ്ദേഹം മറന്നുപോവുന്നു.

സീന്‍ 3:
1962ല്‍ പുറത്തിറങ്ങിയ, സൊല്‍റ്റാന്‍ ഫാബ്രി (Fabri zoltan) സംവിധാനം ചെയ്ത Two Half Times in Hell എന്ന ഹംഗേറിയന്‍ സിനിമ.രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ പട്ടാളക്കാരും അവര്‍ പിടികൂടി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലടച്ചിരുന്ന ഹംഗേറിയന്‍ / യുെ്രെകന്‍ തടവുകാരും തമ്മില്‍ 1942ല്‍ ഫ്യൂററുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു ഫുട്ബാള്‍ മത്സരത്തെ ആസ്പദമാക്കിയുള്ളതാണ് പ്രസ്തുത സിനിമ. ആദ്യന്തം ആവേശം മുറ്റിനിന്ന മത്സരത്തില്‍ യുദ്ധത്തടവുകാരുടെ ടീം പട്ടാളക്കാരുടെ ടീമിനെ തോല്പിച്ചതോടെ പ്രകോപിതനായ ജര്‍മന്‍ കമാന്‍ഡര്‍ വിജയിച്ച ടീമിലെ മുഴുവന്‍ കളിക്കാരെയും ഗ്രൗണ്ടില്‍ വച്ചുതന്നെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊല്ലുന്നു. കളിയിലായാലും കാര്യത്തിലായാലും പീഢന രതിയിലുള്ള സംതൃപ്തിയാണ് ഫാസിസത്തിന്റെ നീതിശാസ്ത്രം എന്ന് ഈ സിനിമ ലോകത്തോട് വിളിച്ചു പറയുന്നു.

സീന്‍ 1 ലെ കവിതയും സീന്‍ 3 ലെ സിനിമയും കവിയുടെ / സംവിധായകന്റെ ഭാവനാസൃഷ്ടികളാണ്. സീന്‍ 2 ലെ യഥാര്‍ത്ഥ സംഭവമാകട്ടെ, കലാകാരന്റെ ഭാവനാ ലോകത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള മനുഷ്യ പ്രയത്‌നത്തിന്റെ എളിയ പ്രകടനമാണ്.

മനുഷ്യ ഭാവനയാണ് ലോകത്തെ നവീകരിക്കുകയോ മാറ്റി മറിക്കുകയോ ചെയ്ത സംഭവങ്ങളുടെയെല്ലാം അടിത്തറ. പക്ഷികള്‍ പറക്കുന്നതു പോലെ മനുഷ്യര്‍ പറക്കുന്നത് ഭാവനയില്‍ കണ്ടവരാണ് വിമാനം കണ്ടുപിടിച്ച് ആ ഭാവനയെ യാഥാര്‍ത്യമാക്കിയത്. എന്നാല്‍ നാസി ജര്‍മനിയുടെ ആധിപത്യമുള്ള യൂറോപ്പിനെ ഭാവനയില്‍ കണ്ട ഹിറ്റ്‌ലര്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചപ്പോള്‍ യൂറോപ്പ് കുരുതിക്കളമായി. ലോകം ഭയന്നു വിറച്ചു. ആ നരാധമന്റെ പ്രേതബാധയേറ്റവര്‍ കാണികളുടെ കൂട്ടത്തില്‍ കയറി കാന്‍സര്‍ പോലെ പെരുകുന്നതിന്റെ ആരവമാണ് നിങ്ങള്‍ ഉച്ചത്തിലുച്ചത്തില്‍ കേള്‍ക്കുന്നത് ‘ജയ് ശ്രീറാം.. ‘