കല്പറ്റ: മധ്യവയസ്‌കനെ കടുവ കൊന്നുതിന്നു. വയനാടിനോട് ചേര്‍ന്നുകിടക്കുന്ന കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയിലാണ് കടുവയുടെ ആക്രമണത്തില്‍ മദ്ധ്യവയസ്‌കന് കൊല്ലപ്പെട്ടത്. ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കര സ്വദേശി ബസവയെയാണ് (54 ) കടുവ ആക്രമിച്ച് കൊലപ്പെടുത്തി ശരീരം ഭക്ഷിച്ചത്. ബസവ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി വനത്തിനുള്ളിലേക്ക് പോയതായിരുന്നു. തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ ബസവയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
പ്രദേശത്ത് ഒരു മാസത്തിനിടെ കടുവയുടെ ആക്രമണം നേരിടുന്ന മൂന്നാമത്തെ ആളാണ് ബസവ. അതേസമയം വയനാട് ബത്തേരിയില്‍ യുവാവിനെ കടിച്ചുകീറി കൊന്നു തിന്ന കടുവയെ ഇനിയും പിടികൂടാനായില്ല. കടുവയ്ക്കായി വ്യാപക തിരച്ചില്‍ വനം വകുപ്പ് ആരംഭിച്ചിട്ട് ദിവസങ്ങളായെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.