ഫോണ്‍ നല്‍കാത്തതിന് ഒന്നാം ക്ലാസുകാരന്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചു

Malappuram

തിരൂര്‍: ഫോണ്‍ നല്‍കാത്തതിന് ഒന്നാം ക്ലാസുകാരന്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചു. ഉണ്യാല്‍ സ്വദേശി കോടിയിന്റെ പുരയ്ക്കല്‍ അന്‍വര്‍ സാദത്തിന്റെ മകന്‍ മുഹമ്മദ് ഷാഹിദാണ് മരിച്ചത്. വീട്ടില്‍ ഫോണ്‍ നല്‍കാത്തതിനാല്‍ ഏഴ് വയസ്സുകാരനായ കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.

ഫോണിനായി കുട്ടി വാശിപിടിച്ചിട്ടും നല്‍കാത്തതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പൊലീസ് പറയുന്നത്. തിരൂര്‍ ജി എം യു പി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് തൂങ്ങി മരിച്ച മുഹമ്മദ് ഷാഹിദ്. രാവിലെ മദ്രസ കഴിഞ്ഞെത്തിയ കുട്ടി സ്‌കൂളിലേക്ക് പോകാന്‍ കുളിക്കാന്‍ കയറിയതായിരുന്നു. കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് മാതാവ് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് മാതാവ് ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുളിമുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചു. അപ്പോഴാണ് അയയിലെ തോര്‍ത്തുമുണ്ടില്‍ കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.