പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ മദ്യം നല്‍കി പീഡിപ്പിച്ചു, രണ്ടുപേര്‍ കസ്റ്റഡിയില്‍

Malappuram

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസില്‍ ബേസില്‍ ബേബി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ഹൗസില്‍ മുഹമ്മദ് റമീസ്(22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബന്ധുവീട്ടില്‍ താമസിക്കാന്‍ എത്തിയ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെ യുവാക്കള്‍ ബൈക്കില്‍ എത്തി കടത്തി കൊണ്ടുപോയി ബംഗളൂരുവില്‍ എത്തിച്ചു. ഇവിടെ മുറിയെടുത്ത ശേഷം ഒരു ദിവസം അവിടെ തങ്ങി. ഇവിടെ വച്ചാണ് പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ചത്. തുടര്‍ന്ന് ഇവിടടെ നിന്നും തിരിച്ചു വരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റില്‍വച്ചാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പെണ്‍കുട്ടികളെ കാണാതായതോടെ മാതൃസഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വണ്ടൂര്‍ എസ്‌ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. യുവാക്കള്‍ക്ക് എതിരെ പോക്‌സോ ഉള്‍പ്പെടെ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.