വീണ്ടും സ്ത്രീധന പീഡനം; തൃശ്ശൂരില്‍ യുവതി ജീവനൊടുക്കി

Thrissur

തൃശൂര്‍: വീണ്ടും സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആത്മഹത്യ. സ്ത്രീധന പീഡനം മൂലം തൃശൂരിലാണ് യുവതി ജീവനൊടുക്കിയത്. പാലക്കാട് ചാലിശ്ശേരി സ്വദേശി സെബീനയാണ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. യുവതിയുടെ ആത്മഹത്യക്ക് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ ഒളിവില്‍ പോയി.

സെബീനയും സൈനുല്‍ ആബിദീനും 2016 ഒക്ടോബറിലായിരുന്നു വിവാഹിതരായത്. വിവാഹം ഉറപ്പിക്കുന്ന സമയം ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനം ഒന്നും ചോദിച്ചിരുന്നില്ല. എന്നാല്‍ 100 പവനെങ്കിലും സ്ത്രീധനം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി വിവാഹശേഷം സൈനുല്‍ ആബിദീന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നുവെന്ന് സെബീനയുടെ കുടുംബം ആരോപിച്ചു. പിന്നീട് ഇതിന്റെ പേരില്‍ യുവതിയോട് പീഡനവും തുടങ്ങി.

പലപ്പോഴും ചെറിയ ആവശ്യങ്ങള്‍ പറഞ്ഞ് സെബീനയുടെ വീട്ടുകാരില്‍ നിന്ന് വലിയ തുക വാങ്ങു#്‌നത് പതിവായി. പലതവണ ഇതിന്റെ പേരില്‍ വീട്ടുകാരുമായി പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തു. 45 തവണ പള്ളിക്കമ്മിറ്റിയടക്കം ഇടപെട്ട് ഇരുവീട്ടുകാര്‍ക്കുമിടയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നതായി സെബീനയുടെ കുടുംബം പറയുന്നു.

ഭാര്യ വീട്ടില്‍ നിന്ന് ലഭിക്കുന്ന പണമുപയോഗിച്ച് ജീവിക്കുകയായിരുന്നു സൈനുല്‍ ആബിദീന്റെ ലക്ഷ്യം. പലതവണ ഇയാളെ ഗള്‍ഫിലേക്ക് കൊണ്ടുപോയിട്ടും ജോലി ചെയ്യാന്‍ തയാറായില്ലെന്നും പരാതിയിലുണ്ട്. ജ്യേഷ്ഠന്റെ ഭാര്യയടക്കം സെബീനയെ ഉപദ്രവിച്ചിരുന്നു. നിലവില്‍ സൈനുല്‍ ആബിദീനും കുടുംബവും ഒളിവിലാണെന്നാണ് കുന്നംകുളം പൊലീസ് പറയുന്നത്.