കണ്ണൂർ: 11-ാംപെൻഷൻ പരിഷ്ക്കരണത്തിൽ ഉത്തരവായ കുടിശിക പൂർണ്ണമായി നൽകാതിരിക്കുകയും 12 -ാം പരിഷ്ക്കരണം അട്ടിമറിക്കുകയും 18 ശതമാനം ഡി.എ കുടിശിക അനുവദിക്കാതിരിക്കുകയും ചെയ്യുന്ന പിണറായി സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) സമര രീതി മാറ്റുന്നു. പ്രാരംഭമായി സംസ്ഥാനത്തെ ട്രഷറികൾക്കു മുന്നിൽ ജൂലായ് 1ന് കരിദിനാചരണവും വിശദീകരണ യോഗവും നടത്തും. വരും നാളിൽ കലക്ട്രേറ്റ് സത്യാഗ്രഹം,ധന മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് തുടങ്ങി ശക്തമായ സമരമുറകൾ ഉണ്ടാകും.
ഡി.സി.സി.ഓഫിസിൽ ചേർന്ന സമ്പൂർണ്ണ ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡൻ്റ് എം.പി വേലായുധൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.വി ഗംഗാധരൻ, സെക്രട്ടറിമാരായ കെ.രാമകൃഷ്ണൻ, രവീന്ദ്രൻ കൊയ്യോടൻ, സെക്രട്ടറേറ്റ് അംഗങ്ങളായ എം.ജി ജോസഫ്, പി.പി ചന്ദ്രാംഗതൻ, കമ്മിറ്റിയംഗം കെ.മോഹനൻ, ജില്ലാ സെക്രട്ടറി പി സുഖദേവൻ, നാരായണൻ കൊയിറ്റി, കെ.കൃഷ്ണൻ, എം.പി കുഞ്ഞിമൊയ്തീൻ എന്നിവർ പ്രസംഗിച്ചു.