കണ്ണൂർ: യഥാർത്ഥ മത വിശ്വാസത്തിൻ്റെ കാഴ്ചപ്പാട് ആഭിചാരങ്ങൾക്ക് എതിരാണെന്നിരിക്കെ ആഭിചാര നിരോധനം നടപ്പാക്കിയാൽ വിശ്വാസികളുടെ പ്രതിഷേധമുണ്ടാകുമെന്ന സർക്കാർ ധാരണ അടിസ്ഥാനരഹിതമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു.
ആഭിചാരത്തിൻ്റെയും മന്ത്രവാദത്തിൻ്റെയും മറവിൽ കൊലപാതകങ്ങൾ വരെ നടന്നിട്ടുള്ള ഒരു നാട്ടിൽ മതത്തെ അനാചാര, ദുരാചാരങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നവരെ ഭയപ്പെട്ട് സർക്കാർ ആഭിചാര നിരോധനം നടപ്പാക്കാൻ വിമുഖത കാണിക്കുന്നത് ലജ്ജാകരമെന്നും അപലപനീയമെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കാൻ സർക്കാർ ആർജ്ജവം കാട്ടണമെന്നും അല്ലാത്തപക്ഷം ആഭിചാരത്തിൻ്റെ മറവിൽ കുരുതികൾ ഉണ്ടായാൽ സർക്കാറും അതിന് ഉത്തവാദികളാണെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകി.
സംസ്ഥാന ട്രഷറർ കെ.എൽ.പി.യൂസുഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് ആർ അബ്ദുൽ ഖാദർ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട്,ജില്ലാ സെക്രട്ടറി സി സി ശകീർ ഫാറൂഖി, ട്രഷറർ ഡോ.ഇസ്മയിൽ കരിയാട്, ജില്ലാവൈസ് പ്രസിഡൻ്റ് മാരായ പി.വി അബ്ദുൽ സത്താർ ഫാറൂഖി, റമീസ് പാറാൽ, ജോ. സെക്രട്ടറിമാരായ ഫൈസൽ ചക്കരക്കൽ, പി.ടി.പി മുസ്തഫ, അശ്രഫ് മമ്പറം, ജൗഹർ ചാലക്കര, എം.ജി.എം ജില്ലാ സെക്രട്ടറി ശഫീന ശുക്കൂർ പൂതപ്പാറ, ടി.മുഹമ്മദ് നജീബ്, സി.എ.അബൂബക്കർ ,അതാ ഉള്ള ഇരിക്കൂർ, വി.വി മഹമൂദ്, സാദിഖ് മാട്ടൂൽ, നൗഷാദ് പ്രൈം ,സൻ ജബീൽ കണ്ണൂർ, വി.സുലൈമാൻ, കെ. മുഹമ്മദ് കുഞ്ഞി, ഉമ്മർ കടവത്തൂർ ,റബീസ് പുന്നോൽ എന്നിവർ പ്രസംഗിച്ചു.