ഇനി 14 ദിവസം അട്ടക്കുളങ്ങര വനിതാജയിലില്‍, വയോധികയെ മര്‍ദിച്ച മരുമകള്‍ക്ക് ജാമ്യമില്ല

Kollam

കൊല്ലം: വയോധികയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസ് റിമാന്റില്‍. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മഞ്ജുവിനെ ഇന്നലലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്ത് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റിയത്. ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ഇത് തള്ളി. മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്നായിരുന്നു ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.

തേവലക്കരയില്‍ വയോധികയെ അതിക്രൂരമായാണ് മരുമകള്‍ മഞ്ജു മര്‍ദിച്ചത്. മര്‍ദനത്തിന്റെ അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ മഞ്ജുവിനെ അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

80 വയസുള്ള ഏലിയാമ്മ വര്‍ഗീസിനെ മരുമകളായ മഞ്ജു തള്ളിത്താഴെയിട്ട് അടിവയറ്റില്‍ ചവിട്ടുകയും അടിക്കുകയും ചെയ്തു. കമ്പി വടികൊണ്ടുള്ള ആക്രമണത്തില്‍ കൈക്ക് പരുക്കേറ്റു. ഭക്ഷണം പോലും നല്‍കാതെ വീടിന് പുറത്താക്കി. ആറര വര്‍ഷമായി ക്രൂരത തുടരുകയാണെന്ന് ഏലിയാമ്മ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്നെ കൂടാതെ മഞ്ജുവിന്റെ ഭര്‍ത്താവായ തന്റെ മകനെയും മര്‍ദിച്ചിരുന്നെന്നും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചെന്നും ഏലിയാമ്മ പറഞ്ഞു.

ദൃശ്യങ്ങളിലൂടെ കണ്ടതിനേക്കാള്‍ അതിക്രൂരമായിരുന്നു മര്‍ദനം. തലയ്ക്ക് കൊളേളണ്ട ഇരുമ്പ് വടി കൊണ്ടുള്ള അടി ഒഴിഞ്ഞ് മാറിയതിനാല്‍ കൈയ്ക്ക് കൊണ്ടു. കഴുത്തിന് പിടിച്ച് തള്ളി വീടിന് പുറത്താക്കി. ഭര്‍ത്താവ് ജെയ്‌സിനേയും പല തവണ മഞ്ജു മോള്‍ മര്‍ദിച്ചു. മഞ്ജുമോള്‍ വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുന്നത് പതിവ്. ഒരിക്കല്‍ കാറിന്റെ ഡോര്‍ ചവിട്ടിത്തകര്‍ത്തെന്നും ഏലിയാമ്മ പറയുന്നു.

മഞ്ജുമോള്‍ തോമസ് ഡബിള്‍ എം എ ക്കാരിയും ഹയര്‍ സെക്കന്‍ഡറി അധ്യാപികയുമാണ്. സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ് മഞ്ജുമോളുടെ ഭര്‍ത്താവ് ജെയ്‌സ്. ഇദ്ദേഹം മെഡിക്കല്‍ ഓണ്‍ലൈന്‍ മേഖലയില്‍ ജോലി ചെയ്യുകയാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ബി ഡി എസ് വരെ പഠിച്ചിട്ടുണ്ട് ഏലിയാമ്മ. എഞ്ചിനിയറായിരുന്നു ഇവരുടെ ഭര്‍ത്താവ്. ഇരുവരുടേയും സമ്പന്ന കുടുംബമാണ്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവി ഒരാഴ്ചയ്ക്കക്കം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.