കാമുകനെ കൊല്ലാന്‍ ക്വട്ടേഷന്‍, രണ്ടുകുട്ടികളുടെ അമ്മയായ 28കാരി പിടിയില്‍

Crime

ചെന്നൈ: കാമുകനെ വിളിച്ച് വരുത്തി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി യുവതി അറസ്റ്റില്‍. ചെന്നൈ പൊന്നേരി സ്വദേശിനിയായ പ്രിയ ആണ് പൊലീസിന്റെ പിടിയിലായത്. കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായ ഗോപാലകൃഷ്ണന്‍(27) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് സംഭവം നടന്നത്.

ഗോപാലകൃഷ്ണനുമായി ബന്ധം നിലനില്‍ക്കെ മറ്റൊരു യുവാവുമായി ബന്ധമുണ്ടായതോടെയാണ് ആദ്യ കാമുകനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. നേരത്തെ വിവാഹിതയായിരുന്ന യുവതി ഈ ബന്ധം ഒഴിവാക്കിയിരുന്നു. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. ഈ ബന്ധം ഒഴിവാക്കിയാണ് 28 കാരി ഗോപാലകൃഷ്ണനുമായി ബന്ധം സ്ഥാപിച്ചിരുന്നത്. പുതിയ ബന്ധം വന്നതോടെയാണ് ഗോപാലകൃഷ്ണനെ കൊലപ്പെടുത്താന്‍ നാലംഗ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറയുന്നു.

ഗോപാലകൃഷ്ണനും യുവതിയും ഒരു വര്‍ഷമായി അടുപ്പത്തിലാണ്. അടുത്തിടെ യുവതി ഭര്‍ത്താവുമായി പിരിഞ്ഞു. ഡിവോഴ്‌സ് നടപടികള്‍ പൂര്‍ത്തിയായതോടെ ഗോപാലകൃഷ്ണന്‍ പ്രിയയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യപ്പെട്ടു. എന്നാല്‍ പുതിയ സൗഹൃദം ഉണ്ടായതോടെ യുവതി ഗോപാലകൃഷ്ണനോട് അകലം പാലിച്ചു. പ്രിയ പിന്നീട് ഗോപാലകൃഷ്ണനെ വിളിക്കാതെയായി. കഴിഞ്ഞ മാസം ഗോപാലകൃഷ്ണന്‍ പ്രിയയെ കാണാനെത്തി. പ്രിയക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് ഗോപാലകൃഷ്ണന്‍ മനസിലാക്കി. ഇതിനെ ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടാവുകയും ചെയ്തു.

പിന്നീട് കാമുകനെ ഒഴിവാക്കണമെന്ന് തീരുമാനിച്ച പ്രിയ ഇയാളെ കൊല്ലാന്‍ നാലംഗ ക്വട്ടേഷന്‍ ടീമിന് പണം നല്‍കി. യുവതി തന്നെ ഗോപാലകൃഷ്ണനെ ബുധനാഴ്ച രാത്രി പൊന്നേരി മുനിസിപ്പാലിറ്റി ഓഫീസിനടുത്തേക്ക് വിളിച്ച് വരുത്തി. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ നാലംഗ സംഘം ഗോപാലകൃഷ്ണനെ പിറകില്‍ നിന്നും അടിച്ച് വീഴ്ത്തുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടക്കുന്ന ഗോപാലകൃഷ്ണനെ നാട്ടുകാര്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ പ്രിയ ആണെന്ന് വ്യക്തമാകുന്നത്. ഫോണ്‍ രേഖകളും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ച് പൊലീസ് പ്രതി പ്രിയ തന്നെയാണെന്ന് തിരിച്ചറിഞ്ഞു. സംഭവശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി പരിശോധന നടത്തി വരവെയാണ് പ്രിയ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലാകുന്നത്. ക്വട്ടേഷന്‍ സംഘത്തിനായി അന്വേഷണം നടക്കുകയാണെന്നും പ്രയയെ വിശദമായ ചോദ്യം ചെയ്തതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് സംഘം പറഞ്ഞു.