വയോധികയെ മര്‍ദിച്ച മരുമകളെ ജോലിയില്‍ നിന്നും പുറത്താക്കി

Kollam

കൊല്ലം: വയോധികയെ മര്‍ദിച്ച സംഭവത്തില്‍ പ്ലസ് ടു അധ്യാപികയായ മഞ്ജുവിനെ പുറത്താക്കിയതായി സ്‌കൂള്‍ അധികൃതര്‍. തേവലക്കര സ്വദേശിയായ മഞ്ജുമോള്‍ തോമസ് എന്ന അധ്യാപികയെയാണ് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. ഇതുപോലെയൊരു അധ്യാപികയെ ഇവിടെ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

അമ്മായിയമ്മയെ അധ്യാപിക മര്‍ദിക്കുന്ന ദൃശ്യം കണ്ടപ്പോള്‍ ഇതൊരു പുതിയ അറിവായാണ് തോന്നിയതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. അത് കണ്ടപ്പോള്‍ അതിശയം തോന്നി. ഇവിടുത്തെ അധ്യാപികയാണോയെന്ന് സംശയം തോന്നി. ഇതേക്കുറിച്ച് വിശദമായി ആലോചിച്ച് അധ്യാപികയെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. അധ്യാപികയെ പുറത്താക്കിയ വിവരം എല്ലാ ക്ലാസുകളിലും രക്ഷാകര്‍ത്താക്കളെയും അറിയിച്ചതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.