കെ എസ് ആര്‍ ടി സി എന്ന പേര് കേരളത്തിന് ഉപയോഗിക്കാനാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധി യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ: ഡോ. ബിജു കൈപ്പാറേടന്‍

Thiruvananthapuram

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി എന്ന ചുരുക്കപ്പേരിനെ ചൊല്ലിയുള്ള ബൗദ്ധിക സ്വത്തവകാശ തര്‍ക്കത്തില്‍ കേരളത്തിനെതിരെ മദ്രാസ് ഹൈക്കോടതി വിധി പറഞ്ഞത് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെയാണെന്നും വിധി ഖേദകരമാണെന്നും കെ എസ് ആര്‍ ടി സി അഡൈ്വസറി ബോര്‍ഡ് അംഗം ഡോ. ബിജു കൈപ്പാറേടന്‍. കെ എസ് ആര്‍ ടി സി എന്ന പേര് ഉപയോഗിക്കാന്‍ ഇനി മുതല്‍ കര്‍ണാടകയ്ക്കാണ് അവകാശമെന്ന ഇന്നത്തെ മദ്രാസ് ഹൈക്കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു അഭിഭാഷകന്‍ കൂടിയായ ഡോ. കൈപ്പാറേടന്‍.

നിലവില്‍ കേരളവും കര്‍ണാടകവും ഉപയോഗിക്കുന്നത് കെ എസ് ആര്‍ ടി സി എന്ന ഒരേ ചുരുക്കപ്പേരാണ്. ഈ പേരും ലോഗോയും പേറ്റന്റ് കണ്‍ട്രോളര്‍ ജനറലിന് മുന്നില്‍ ആദ്യം കര്‍ണ്ണാടകയാണ് രജിസ്റ്റര്‍ ചെയ്തത് എന്ന വാദം കോടതി അംഗീകരിച്ചതാണ് കേരളത്തിനു തിരിച്ചടിയായതെന്നു കൈപ്പാറേടന്‍ ചൂണ്ടിക്കാട്ടി. ആദ്യം കര്‍ണ്ണാടകയാണ് പേറ്റന്റ് രജിസ്‌ടേഷന്‍ നടത്തിയതെന്ന വാദം ശരിയാണെങ്കിലും അതിന് നിയമപരമായി പ്രാബല്യം നഷ്ടപ്പെട്ടിരുന്നു.

ഇടയ്ക്ക് കര്‍ണാടക കോര്‍പ്പറേഷന് പേരിന്റെ മേലുള്ള പേറ്റന്റ് അവകാശത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. അതു പുതുക്കേണ്ട സമയത്ത് അവര്‍ പുതുക്കിയില്ല. അതോടെ ആ പേര് അവര്‍ക്ക് നിയമപരമായി നഷ്ടപ്പെടുകയായിരുന്നു. അതിനു ശേഷമാണ് 2019ല്‍ കേരള കോര്‍പ്പറേഷന്‍ ഫീസടച്ച് പേരിനു ബൗദ്ധിക സ്വത്തവകാശം നേടിയത്.

ഒരിക്കല്‍ നിയമപരമായി ഒരു പാര്‍ട്ടിയുടെ ബൗദ്ധിക സ്വത്തവകാശം നഷ്ടപ്പെട്ടാല്‍ പിന്നീടവര്‍ ആ പേര് ഉപയോഗിക്കുന്നത് കുറ്റകരമാണ്. ആ പേരിന്‍മേല്‍ പിന്നീടവര്‍ക്ക് അവകാശമില്ല. നിയമപ്രകാരം ഫീസടച്ച് നമ്മളതു നേടി. ഇതായിരിക്കണം നമ്മുടെ വാദം. അതിനാല്‍ കര്‍ണാടകയ്ക്ക് ചുരുക്കപ്പേര് സ്വന്തമാക്കാന്‍ അവകാശമില്ല എന്നു തന്നെ നമ്മള്‍ അപ്പില്‍ കോടതിയില്‍ വാദിക്കാന്‍ കഴിയും.

കേരളം രൂപീകരിക്കുന്നതിന് മുന്‍പ് തിരുവിതാംകൂര്‍ രാജ കുടുംബമാണ് KSRTC എന്ന പൊതു ഗതാഗത സംവിധാനം ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം പൊതു ഗതാഗത സംവിധാനം തുടര്‍ന്നു വരികയും 1965ല്‍ കെ എസ് ആര്‍ ടി സി ബോര്‍ഡ് രൂപീകരിച്ച് കേരള ഗതാഗതത്തിന്റെ ഭാഗമാവുകയും ചെയ്തു. അതുകഴിഞ്ഞ് എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് കര്‍ണാടക കെ എസ് ആര്‍ ടി സി എന്ന പേര് ഉപയോഗിച്ചു തുടങ്ങിയതു തന്നെ.

തുടര്‍ന്ന് കെ എസ് ആര്‍ ടി സി എന്ന പേര് തങ്ങളുടെതു മാത്രമാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടകം രംഗത്ത് എത്തിയതോടെയാണ് തര്‍ക്കമുണ്ടായത്. കെ എസ് ആര്‍ ടി സി എന്ന പേരിന്റെ ബൗദ്ധിക സ്വത്തവകാശം (പേറ്റന്റ് റൈറ്റ് ) കേരളം നേടിയത് ബൗദ്ധിക സ്വത്തവകാശക്കമ്മീഷണറുടെ ഓഫീസില്‍ രാത്രി ആരുമറിയാതെ ഓടിളക്കി കയറി റിക്കാര്‍ഡ് തിരുത്തിയിട്ടല്ല.

കര്‍ണ്ണാടക ആര്‍ ടി സിയുടെ പേരും ലോഗോയും രജിസ്ട്രര്‍ ചെയ്ത കര്‍ണ്ണാടക സര്‍ക്കാര്‍ പേറ്റന്റ് റൈറ്റ് നിയമമനുസരിച്ച് അതു പുതുക്കേണ്ട സമയത്ത് പുതുക്കേണ്ടതായിരുന്നു. അവര്‍ അതു ചെയ്യാതെ വന്നപ്പോള്‍ സ്വാഭാവികമായും ആ പേര് അവര്‍ക്കു നഷ്ടമായി. അത് അവരുടെ വീഴ്ചയാണ്.

ആ സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സി എന്ന പേര് പബ്ലിക്ക് ഡൊമൈനില്‍ ലഭ്യമായിരുന്നു. ഈ അവസരം മുതലാക്കി നമ്മള്‍ നിയമാനുസരണം അപേക്ഷ നല്‍കി ഫീസടച്ച് മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആ പേരു സ്വന്തമാക്കി. ഇപ്പോള്‍ 4 വര്‍ഷം കഴിഞ്ഞു. ഇനി നമ്മുടെ ഭാഗത്തു നിന്ന് പേറ്റന്റ് ആക്ടു പ്രകാരം ഒരു വീഴ്ച വരുന്നതുവരെ ആ പേര് നമ്മുടേതു മാത്രമായി നിലനിര്‍ത്തിക്കിട്ടാന്‍ നമുക്ക് ഭരണഘടനാപരമായും പേറ്റന്റ് ചട്ടങ്ങള്‍ അനുസരിച്ചും അവകാശമുണ്ട്. ഇക്കാര്യം നമുക്ക് സുപ്രീം കോടതിയെ ധരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നു കൈപ്പാറേടന്‍ പറഞ്ഞു.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കേരളാ ആര്‍ ടി സി അപ്പീല്‍ നല്‍കിയേക്കും. ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്ന് വിധി വന്നയുടന്‍ ഇ മെയില്‍ മുഖേന CMD യോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് കൈപ്പാറേടന്‍ അറിയിച്ചു.