പോഷകത്തിന്‍റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല, ചതുരപ്പയറിന്‍റെ ഗുണങ്ങളറിയാം

Agriculture

ള്ളിപ്പയറിലും ബീന്‍സിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ എട്ട് മടങ്ങും ചീരയിലും കാരറ്റിലുമുള്ളതിന്റെ 30 ഇരട്ടിയും മാംസ്യം അടങ്ങിയ ഒന്നാണ് ചതുരപ്പയര്‍. ഇതില്‍ മാംസ്യം മാത്രമല്ല ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ജീവകങ്ങള്‍ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

പ്രകൃതി ദത്ത പ്രോട്ടീനിന്റെ ഒരു മികച്ച കലവറയാണ് ചതുരപ്പയര്‍. ഇതില്‍ കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. കാല്‍സ്യം, ചെമ്പ്, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്‌നീഷ്യം, എന്നീമൂലകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ., തയാമിന്‍, റൈബോഫ്‌ലാവിന്‍, വിറ്റാമിന്‍ സി, അന്നജം, കൊഴുപ്പ് എന്നിവയും അസ്‌കോര്‍ബിക്, അമിനോ ആസിഡുകള്‍, എന്നിവയും നിയാസിനും ചതുരപ്പയറിയില്‍ അടങ്ങിയിരിക്കുന്നു.

ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയതിനാല്‍ തന്നെ അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത പയര്‍ വര്‍ഗ്ഗത്തില്‍ പെട്ട ഒരു വിളയാണ് ചതുരപ്പയര്‍. നട്ടു കഴിഞ്ഞാല്‍ 5 വര്‍ഷം വരെ വിളവെടുക്കാന്‍ സാധിക്കുന്ന സുസ്ഥിര കൃഷികൂടിയാണ് ചതുരപ്പയര്‍.

ചതുരപ്പയറില്‍ മൂന്ന് പ്രധാന ഇനങ്ങള്‍ ഉണ്ടെങ്കിലും ഇടത്തരം വലുപ്പമുള്ള കായകള്‍ ഉണ്ടാകുന്ന ഇനമാണ് സാധാരണയായി കണ്ടു വരുന്നത്. കായയുടെ നാല് ഭാഗത്തേയ്ക്കും വളരുന്ന ചിറകുകള്‍ പോലെയുള്ള അരികുകളാണ് ഇതിന്റെ പ്രത്യേകത. സാധാ പയറിനേക്കാള്‍ എട്ട് മടങ്ങു പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ട് തന്നെയാണ് ഇതിനെ ചിലര്‍ ‘ഇറച്ചി പയര്‍’ എന്ന് വിളിക്കുന്നത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് സാധാരണ പൂക്കള്‍ ഉണ്ടാകുന്നത്. ഏത് സമയം നട്ടാലും ഈ സീസണില്‍ മാത്രം കായ്ക്കുന്നതിനാല്‍ ചിലര്‍ ഇതിനെ ‘മച്ചിപയര്‍’ എന്നും വിളിക്കാറുണ്ട്. കായകള്‍ കൂടാതെ ഇലകള്‍, പൂക്കള്‍, കിഴങ്ങ് എന്നിവ ഭക്ഷ്യ യോഗ്യമാണെങ്കിലും കായമാത്രമാണ് നമ്മുടെ നാട്ടില്‍ ഉപയോഗിക്കാറുള്ളത്. മൂപ്പെത്തുന്നത്തോടെ നാരുകള്‍ക്ക് കട്ടിയേറും എന്നതിനാല്‍ ഇളം കായകള്‍ പാചകം ചെയ്താല്‍ മാത്രമേ സ്വാദ് ഉണ്ടാകുകയുള്ളൂ.

ചതുരപ്പയറിന്റെ വിത്ത് മുളക്കാന്‍ പത്ത് ദിവസമെങ്കിലും വേണ്ടിവരുന്നതാണ്. സാധാരണയായി ജൂലൈ ആഗസ്ത് മാസങ്ങളില്‍ നട്ട് കഴിഞ്ഞാല്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ കായ ലഭിച്ച് തുടങ്ങും. ഒരിക്കല്‍ നട്ടാല്‍ നാല് അഞ്ച് വര്‍ഷം മഴക്കാല ആരംഭത്തോടെ ഇതിന്റെ കിഴങ്ങില്‍ നിന്നും തൈകള്‍ മുളക്കും എന്നുള്ളത് കൊണ്ട് കൂടി ആണ് ഒരു സുസ്ഥിര കൃഷിയായി ചതുരപ്പയറിനെ കണക്കാക്കുന്നത്.

കീടബാധ വളരെ കുറവാണ് എന്നത് ചതുര പയറിന്റെ മറ്റൊരു പ്രത്യേകത ആണ്. യാതൊരു പരിചരണവും ഇല്ലെങ്കിലും എല്ലാ വര്‍ഷവും വിളവ് നല്‍കുന്നു. ജൈവവള പ്രയോഗം നടത്തുന്നതിലൂടെ വിളവും വര്‍ദ്ധിപ്പിക്കാം. കൂടാതെ വിളവ് ഇവയ്ക്ക് പടരുവാന്‍ നല്‍കുന്ന സൗകര്യത്തെയും ആശ്രയിച്ചിരിക്കുന്നു. നല്ലവണ്ണം പടരാന്‍ സൗകര്യം ഒരുക്കിയാല്‍ നല്ല വിളവും ലഭിക്കും.