കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം; 20ന് കോണ്‍ഗ്രസ് പ്രതിഷേധം

Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പൊലീസും സി പി എം ഗുണ്ടകളും ചേര്‍ന്ന് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സറ്റേഷനുകളിലേക്കും ബഹുജന മാര്‍ച്ച് നടത്തും. ഈ മാസം 20ാം തീയതി രാവിലെ 11 മണിക്കാണ് മാര്‍ച്ച് നടക്കുക.

കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, മഹിളാ കോണ്‍ഗ്രസ്, മറ്റു പോഷക സംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവര്‍ത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കും.

നവകേരള യാത്ര അക്രമയാത്രയാകുകയും ജനങ്ങള്‍ പൊറുതി മുട്ടുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ ചെറുക്കാനുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും പങ്കെടുക്കണമെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.