ന്യൂദല്‍ഹി: നീലക്കുറിഞ്ഞിയെ തൊട്ടുകളിച്ചാല്‍ ഇനി അകത്താകും. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഏറെ ആകര്‍ഷകമാണ്. കേരളത്തില്‍ മൂന്നാറിലാണ് ഇത് കൂടുതലായും കാണുന്നത്. അതുകൊണ്ട് തന്നെ നീലക്കുറിഞ്ഞി പൂക്കുന്ന സമയങ്ങളില്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹവുമായിരിക്കും. നീലക്കുറിഞ്ഞിയുടെ പശ്ചാത്തലത്തില്‍ ഫോട്ടോഷൂട്ടും മറ്റും ഇവിടങ്ങളില്‍ നടക്കാറുമുണ്ട്. ഇനിമുതല്‍ ഇത് നടക്കില്ലെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇനിമുതല്‍ നീലക്കുറിഞ്ഞിയെ തൊട്ടുകളിച്ചാല്‍ കൈ പൊള്ളും. നീലക്കുറിഞ്ഞി പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. ഷെഡ്യൂള്‍ മൂന്നില്‍ പത്തൊമ്പത് സസ്യങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഒന്നാം സ്ഥാനമാണ് നീലക്കുറിഞ്ഞിക്കുള്ളത്.
നീലക്കുറി കൃഷി ചെയ്യുന്നതിനും വിലക്കുണ്ട്. നീലക്കുറിഞ്ഞി കൈവശം വെക്കുന്നതും ശിക്ഷാര്‍ഹം തന്നെയാണ്. നീലക്കുറിഞ്ഞി പൂത്താല്‍ ദൂരെ നിന്ന് ഒരു നോക്ക് കണ്ട് മടങ്ങുന്നതായിരിക്കും ഇനിമുതല്‍ നല്ലതെന്നാണ് മുന്നറിയിപ്പ്.