ഗാന്ധിസം, മാര്‍ക്‌സിസം തുടങ്ങിയവയെ ആധാരമാക്കി എല്ലാം തികഞ്ഞ ഭരണകൂടമുണ്ടാകുമെന്നാശിക്കുന്നത് മായയാണ്, കോമഡിയാണ്, കുറെ പൊട്ടന്മാര്‍ അങ്ങിനെ ധരിച്ച് അതിന് പിന്നാലെ സഞ്ചരിക്കും

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

ലോകത്തില്‍ എല്ലാം തികഞ്ഞ ഭരണഘടനകള്‍ ഒരു പാട് ഉണ്ടാകും.എല്ലാം തികഞ്ഞ ഭരണകൂടങ്ങള്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും. ആഗോളമാനവികവികസനസൂചിക പ്രകാരം ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ പോലും എല്ലാം തികഞ്ഞവയല്ല.മുതലാളിത്തം എന്ന് വിളിക്കപ്പെടുന്ന ബദലുകളില്ലാത്ത ആധുനികസമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തികള്‍ സ്വാര്‍ത്ഥതയും ലാഭേച്ഛയും ആണെന്നിരിക്കെ അതങ്ങിനെ ആവാതെ തരമില്ല.

കുടിലമായ ഇരപിടിയന്‍ ചൂഷണം നടത്തുന്നവ മുതല്‍ താരതമ്യേന കൂടുതല്‍ മനുഷ്യമുഖമുള്ളവയാകാന്‍ ശ്രമിക്കുന്നവ വരെയുള്ള മുതലാളിത്തരാജ്യങ്ങളുടെ മഴവില്‍മാലയാണ് ലോകരാഷ്ട്രങ്ങള്‍ : അവയില്‍ മതരാഷ്ട്രങ്ങളുണ്ടാകാം,കമ്മ്യൂണിസ്റ്റ് എന്ന് പൊങ്ങച്ചം പറയുന്നവയുണ്ടാകാം,പാവഭരണകൂടങ്ങള്‍ ഉണ്ടാകാം,ഏകാധിപത്യങ്ങളും സൈനികാധിപത്യങ്ങളും ഉണ്ടാവാം ,നമ്മുടേത് പോലെ തെരഞ്ഞെടുപ്പുമാത്ര ജനാധിപത്യങ്ങളുണ്ടാകാം,യഥാര്‍ഥ ജനാധിപത്യസങ്കല്പങ്ങളോട് അടുത്തു നില്ക്കാന്‍ ശ്രമിക്കുന്ന വിരലില്‍ എണ്ണാന്‍ കഴിയുന്നവയുണ്ടാകാം. ലോകത്തില്‍ എത്ര രാജ്യങ്ങളുണ്ടോ അത്രയും തരത്തില്‍ വൈവിദ്ധ്യങ്ങളോടെ മുതലാളിത്തം ലോകമെങ്ങും പ്രയുക്തമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

മുതലാളിത്തം ആത്യന്തികമായി ലാഭക്കൊതിയാലും സ്വാര്‍ത്ഥതയാലും നയിക്കപ്പെടുന്നതാകയാല്‍ അത് പാരിസ്ഥിതികമായോ മറ്റൊരു ലോകയുദ്ധം വഴിയോ മനുഷ്യരാശിയെ ഒരു പക്ഷെ ആത്മഹത്യയിലേക്ക് നയിച്ചേക്കാം .എന്നാല്‍ പോലും അതിന് ബദലുകളില്ല. റിവേഴ്‌സ് ഗിയറുകളുമില്ല.കാരണം, മനുഷ്യപ്രകൃതത്തിന് ലാഭക്കൊതിയും സ്വാര്‍ത്ഥതയും ഉപഭോഗവും അത്ര മേല്‍ ഇഷ്ടമാണ്.

മാര്‍ക്‌സിസവും ഗാന്ധിസവും ഒക്കെ ആധാരമാക്കിയ ഭരണകൂടങ്ങളോ ?മാര്‍ക്‌സിസവും ഗാന്ധിസവും പോലുള്ള ദര്‍ശനങ്ങള്‍ക്ക് ചില ചിരന്തന സാമൂഹ്യമൂല്യങ്ങളെ ഓര്‍മ്മപ്പെടുത്താനും ഇരപിടിയന്‍ മുതലാളിത്തത്തിന്റെ കരാളതയെ കുറച്ചോക്കെ മയപ്പെടുത്താനും കഴിയും . അവ സായുധമായോ നിരായുധമായോ മുതലാളിത്തഗതിയില്‍ ചില്ലറ തിരുത്തലുകള്‍ നടത്താം .ആ സിദ്ധാന്തങ്ങള്‍ അവയുടെ നന്മയുടെ പൂര്‍ണ്ണിമയില്‍ മുതലാളിത്തത്തെ കൂടുതല്‍ മനുഷ്യോന്മുഖമാക്കാന്‍ നിര്‍ബന്ധിക്കും .ആ ഉട്ടോപ്യന്‍ ദര്‍ശനങ്ങള്‍ ആ വിധത്തില്‍ പ്രതിരോധ ശക്തികള്‍ എന്ന നിലയില്‍ മാത്രം പ്രസക്തമാണ്. അതല്ലാതെ, അവയെ ആധാരമാക്കി എല്ലാം തികഞ്ഞ ഭരണകൂടങ്ങള്‍ ഉണ്ടാകുമെന്ന് ആശിക്കുന്നത് പഴഞ്ചന്മാര്‍ക്ക് തോന്നുന്ന മായയാണ്,കോമഡിയാണ്.ആ സിദ്ധാന്തങ്ങള്‍ സമ്പൂര്‍ണ്ണങ്ങള്‍ ആണെന്ന് ധരിച്ച് അവയുടെ പുറകില്‍ കുറെ കാലം കൂടി കുറെ പൊട്ടന്മാര്‍ സഞ്ചരിക്കും .

മാര്‍ക്‌സിസം തിന്മയുടെ പൂര്‍ണിമയില്‍ ചൈനയെ പോലെ സാമ്രാജ്യത്വവാഞ്ഛയും കുടിലതയും മുറ്റിയ പ്രച്ഛന്നമുതലാളിത്തമാണ്.അല്ലെങ്കില്‍ കേരളത്തിലേത് പോലെ നിര്‌ലജ്ജമായ കങ്കാണി മുതലാളിത്തമാണ്.

ഇന്ത്യയിലേക്കും കേരളത്തിലേക്കും വന്നാല്‍,കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും യഥാക്രമം ഗാന്ധിസത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും പിന്‍ഗാമികള്‍ ആയിട്ടാണ് അറിയപ്പെടുന്നത് .എന്നാല്‍ ഇന്നത്തെ അവയുടെ അവസ്ഥ എന്താണ്?അവ യാഥാസ്ഥിതികവിഭാഗീയപ്രത്യയശാസ്ത്രമായ സംഘ്പരിവാറും നാള്‍തോറും കൂടുതല്‍ കൂടുതല്‍ തീവ്രവാദവല്‍ക്കരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിസ്റ്റുകളും നിശ്ചയിക്കുന്ന അജണ്ടകള്‍ക്കനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടി പ്രത്യയശാസ്ത്രപരമായി തളര്‍ന്ന് ശോഷിച്ചു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞയാഴ്ചയാണ് മതനിരപേക്ഷനായിരുന്ന നെഹ്രുവിന്റെ കൊച്ചു പേരക്കിടാവ് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നു പറഞ്ഞത്. മറുഭാഗത്ത് നിന്ന് സമ്മര്‍ദ്ദം വരുമ്പോള്‍ നാളെയയാള്‍ മസ്ജിദിലേക്ക് ഓടും. മാര്‍ക്‌സിസ്റ്റ് എന്ന് സ്വയം വിളിക്കുന്നെങ്കിലും,നിലവില്‍ കേരളത്തില്‍ ഉള്ളത് എല്ലാ തരം മതജാതിവര്‍ഗ്ഗീയതകളുടെയും അപ്പിയിലും മൂത്രത്തിലും കുളിച്ചു അധികാരത്തില്‍ വന്ന ഒരു കങ്കാണിഭരണകൂടമാണ്.

കോണ്‍ഗ്രസിനെതിരെ ജയിക്കാനും അഴിമതിയില്‍ അഴിഞ്ഞാടാനും പുറമേക്ക് പരമശത്രു എന്ന് ഭാവിക്കുന്ന മോദി അവര്‍ക്ക് അനുവാദവും സഹായവും കൊടുക്കുന്നു .പകരമായി , പാഴെന്നു തെളിഞ്ഞ കേരള ബി.ജെ.പി.നേതാക്കളുടെ സ്ഥാനത്ത് നിന്ന് ഊര്‍ജ്വസ്വലനായ കമ്മ്യൂണിസ്റ്റ് നേതാവ് തന്നെ ഹിന്ദുത്വനയങ്ങള്‍ ഒതുക്കത്തില്‍ നടത്തിക്കൊടുക്കും.ഇങ്ങനെയൊക്കെയാണ് മുതലാളിത്ത ബദലുകള്‍ എന്ന് അവകാശപ്പെടുന്ന ഗാന്ധിയന്‍മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ ഇന്നത്തെ അവസ്ഥ.

എന്നിരുന്നാലും, കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുമൊക്കെ തങ്ങള്‍ സംഘ്പരിവാറിനേക്കാളും ഇസ്ലാമിസ്റ്റുകളെക്കാളും ജനാധിപത്യപ്രയോഗത്തില്‍ ഭിന്നരും വളരെ ശ്രേഷ്ഠരും ആണെന്ന് പറയാന്‍ എപ്പോഴും അശ്രാന്തപരിശ്രമം നടത്താറുണ്ട് .ഞാന്‍ അങ്ങനെ ചിന്തിക്കുന്നവരോട് സംസാരിക്കാന്‍ തന്നെ മിനക്കെടാറില്ല. ജാതിമതങ്ങളെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ അവര്‍ സംഘപരിവാര്‍, ടഉജക തുടങ്ങിയ പിന്തിരിപ്പന്‍വിഭാഗീയചിന്താഗതിക്കാരി ല്‍ നിന്ന് അഭിന്നരാണെന്നു തന്നെയല്ല അവരേക്കാള്‍ കൂടുതല്‍ കാപട്യക്കാരുമാണ് .

പ്രത്യയശാസ്ത്രങ്ങള്‍ അല്ല ; ഏതു ഭരണാധികാരിയാണ് വിശപ്പു മാറ്റുക, ആരാണ് വസ്ത്രങ്ങള്‍ നല്‍കുക, ആരാണ് വാസസ്ഥലം നല്‍കുക, ആരാണ് സ്വാതന്ത്ര്യങ്ങള്‍ നല്‍കുക എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്.