സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വാകേരിയില്‍ വീണ്ടും കടുവയിറങ്ങി. ഇത്തവണ കടുവ ഇരയാക്കിയത് പശുവിനെ. മനുഷ്യനെ പിടിച്ച് ഭക്ഷണമാക്കിയതോടെ ഭീതി പടര്‍ത്തിയ നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ എട്ടാം ദിവസവും തുടരുന്നതിനിടെയാണ് കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവയിറങ്ങിയത്. വാകയില്‍ സന്തോഷ് എന്നയാളുടെ പശുവിനെയാണ് ഇത്തവണ കടുവ ആക്രമിച്ചത്. കടുവ പശുവിനെ കുറച്ച് ദൂരം വലിച്ചിഴച്ച് കൊണ്ടു പോയി. ഇടയ്ക്ക് വെച്ച് ഉപേക്ഷിച്ച് പോവുകയായിരുന്നു.
മനുഷ്യനെ ഭക്ഷണമാക്കിയ കടുവയ്ക്കായി ദിവസമായ ഇന്നും തിരച്ചില്‍ തുടരുകയാണ്. പശുവിന് പുല്ലരിയാന്‍ പോയ യുവാവിനെ കടുവ കൊലപ്പെടുത്തിയ വാകേരി കൂടല്ലൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് കടുവ എത്തിയത്. കടുവയ്ക്കായുള്ള തിരച്ചില്‍ ഒരാഴ്ച പിന്നിട്ട സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. കടുവയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാനും പ്രദേശത്ത് ഭയരഹിതമായ അന്തരീക്ഷം സൃഷ്ടിക്കാനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമാച്ചിരുന്നു. ഒരു വശത്ത് കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെയാണ് വീണ്ടും ഇതേ കടവയിറങ്ങിയത്. ഇത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്.
കടുവയെ പിടികൂടാനായി കൂടല്ലൂര്‍ ഗ്രാമത്തില്‍ വനം വകുപ്പ് മൂന്നിടത്ത് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെണിയുടെ സമീപത്ത് കൂടി കടുവ പോയതായി ക്യാമറ ട്രാപ്പുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ 13 വയസുള്ള ആണ്‍ കടുവയാണ് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കഴിഞ്ഞ ദിവസം കൊന്ന് ഭക്ഷിച്ചത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല്‍ വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്.