പത്താം ക്ലാസുകാരിയെ കാണാതായിട്ട് ഏഴുദിവസം, എങ്ങുമെത്താതെ അന്വേഷണം

Thrissur

തൃശൂര്‍: പത്താം ക്ലാസുകാരിയെ കാണാതായിട്ട് ഏഴുദിവസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പുത്തൂര്‍ സ്വദേശിനി വിസ്മയയെയാണ് ഏഴ് ദിവസം മുന്‍പ് കാണാതായത്. വീട്ടില്‍ നിന്നും സ്‌കൂളിലേയ്ക്ക് പോയ വിദ്യാര്‍ത്ഥിനി പിന്നെ തിരികെ വീട്ടിലെത്തിയിട്ടില്ല.

കുട്ടിയെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒല്ലൂര്‍ പൊലീസ് ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും ഒരുതുമ്പും തിരോധാനം സംബന്ധിച്ച് കിട്ടിയിട്ടില്ല. മരോട്ടിച്ചാല്‍ എന്ന സ്ഥലത്താണ് കുട്ടിയെ അവസാനമായി കണ്ടെത്തിയത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി തൃശൂരിലെ വിവിധ സ്ഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ തിരോധാനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.