സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ പാര്‍ട്ടി ഉദ്യോഗസ്ഥനോ, പ്രതിപക്ഷ യുവജന സംഘടനകളെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍

Kerala

തിരുവനന്തപുരം: നവകേരള യാത്രക്കെതിരെ കേരളത്തിലുടനീളം പ്രതിപക്ഷ യുവജന സംഘടനള്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ യുത്ത് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ എം എസ് ഗോപീകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍ യൂത്ത് കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എം എസ് ഗോപീകൃഷ്ണന്‍.

നവകേരള സദസ്സിലെ പ്രഭാത യോഗത്തില്‍ മുഖ്യമന്ത്രി പൗരപ്രമുഖരുമായി സംസാരിക്കും എന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് പൗരപ്രമുഖര്‍ ആരെന്ന് അറിയാന്‍ കമ്മിള്‍ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കമ്മിള്‍ ഷമീര്‍ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് ലഭിച്ച മറുപടി അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെയാണ് കമന്റായി ഗോപീകൃഷ്ണന്‍ ഭീഷണി സ്വരത്തില്‍ വെല്ലുവിളി നടത്തിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ കടക്കലെത്തുമ്പോള്‍ കാണാമെന്നാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരിലൊരാളായ ഇദ്ദോഹത്തിന്റെ കമന്റ്. കമന്റിന് താഴെയുള്ള തുടര്‍ കമന്റുകളില്‍ അസഭ്യ ഉള്ളടക്കങ്ങളാണുള്ളത്. കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ തടയൂ. കൊല്ലം കടക്കലില്‍ വെച്ച് എല്ലാ മറുപടിയും അന്ന് തരും എന്നാണ് ഗോപീകൃഷ്ണന്റെ കമന്റ്. നവകേരള സദസ്സിന് പോയിട്ടുള്ള മുഖ്യമന്ത്രിയുടെം എസ്‌കോര്‍ട്ട് ടീമില്‍ ഈ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടിട്ടില്ല.

നവകേരള സദസ്സുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ യാത്രക്കിടെ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും കരിങ്കൊടി കാണിക്കലും വിവാദമായി നില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിപക്ഷ യുവജന സംഘടനകളെ വെല്ലുവിളിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ പരിപാടിയെന്ന് സര്‍ക്കാര്‍ പറയുന്ന നവകേരള യാത്രക്കെതിരെയുള്ള പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസിന് പുറമെ ഡി വൈ എഫ് ഐ, എസ് എഫ് ഐ, സി പി എം പ്രവര്‍ത്തകരും ഇറങ്ങുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്റെ ഈ വെല്ലുവിളിയും വന്നിരിക്കുന്നത്.