തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ കൊല്ലത്ത് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയതില്‍ കെ ജി എം സി ടി എ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായി പ്രവര്‍ത്തനത്തിനും ആശുപത്രികളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം ഡോക്ടര്‍മാരുടെ അനിവാര്യത കണക്കിലെടുത്തുമാണ് ഇത്രയും തസ്തികകള്‍ ഒരുമിച്ച് സൃഷ്ടിക്കുന്നത്. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.
ഈ തീരുമാനത്തിനെ കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായി പിന്തുണക്കുന്നതായി സംസ്ഥാന സമിതി അറിയിച്ചു. വളരെകാലമായി, കെജിഎംസിടിഎ ശക്തമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്, പുതിയ തസ്തികകള്‍ സൃഷ്ട്ടിക്കണമെന്നത്. ഇതിനുവേണ്ടി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ധനമന്ത്രി, ചീഫ് സെക്രട്ടറി, ഹെല്‍ത്ത് സെക്രട്ടറി തുടങ്ങിയവരെ കാണുകയും ചെയ്തിരുന്നു. അതോടൊപ്പം ഈ ആവശ്യം കൂടി ഉന്നയിച്ചു നിരവധി പ്രതിഷേധ പരിപാടികള്‍ കെജിഎംസിടിഎ ആവിഷ്‌കരിച്ചിരുന്നു. അതിന്റയെല്ലാം ഫലമായി, ഇപ്പോള്‍, ഈ മന്ത്രിസഭ തീരുമാനം പുറത്തുവന്നത് ഏവരെയും സന്തോഷിപ്പിക്കുന്നു.
നിലവില്‍, രോഗികളുടെ തിരക്കിനു അനുസരിച്ചുള്ള ഡോക്ടര്‍മാരുടെ എണ്ണം മെഡിക്കല്‍ കോളേജില്‍ ഇല്ല. അതിനു ഒരു പരിധിവരെ പരിഹാരവുമായി തീരും. പുതിയ മെഡിക്കല്‍ കോളേജുകളിലേക്ക് മറ്റു മെഡിക്കല്‍ കോളേജില്‍ നിന്നും, ഡോക്ടര്‍മാരെ പുനര്‍വ്യന്യാസം ചെയ്യുന്നതും, ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. ഈ തീരുമാനം എടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനോടൊപ്പം, കെജിഎംസിടിഎ ഉന്നയിച്ച, എന്‍ട്രി കേഡര്‍ അടക്കമുള്ള, ശമ്പളപരിഷ്‌കരണ അനോമലിയിലും ഉടന്‍ തീരുമാനം പ്രതീക്ഷിക്കുന്നതായും കെജിഎംസിടിഎ അറിയിച്ചു.