കൊച്ചി: അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കൊച്ചിയിലാണ് സംഭവം. അസം സ്വദേശികളായ രഹാം അലി(26) ജഹദ് അലി(26) സംനാസ്(60) എന്നിവരെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്. വടക്കേക്കര മച്ചാംതുരത്ത് ഭാഗത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മക്കളെയാണ് ഇവരുടെ അകന്നബന്ധു കൂടിയായ സാഹിദയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്.
കുട്ടികളെയും സാഹിദയെയും ഗുവാഹാട്ടി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇവരെ എറണാകുളത്തേക്ക് എത്തിക്കാനായി പൊലീസ് സംഘം ഗുവാഹാട്ടിയിലേക്ക് തിരിച്ചു. അഞ്ചാംക്ലാസിലും മൂന്നാംക്ലാസിലും പഠിക്കുന്ന കുട്ടികളെ സ്കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പ്രതികള്‍ കടത്തിക്കൊണ്ടുപോയത്.
കുട്ടികളുടെ മാതാപിതാക്കളുമായി സാഹിദയ്ക്കുള്ള കുടുംബ, സാമ്പത്തിക പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാനായി ഇവര്‍ മറ്റുപ്രതികളുടെ സഹായം തേടുകയായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് കുട്ടികളെയും കടത്തിക്കൊണ്ടുപോയ സ്ത്രീയെ വിമാനത്താവളത്തില്‍ തടയാനായത്. പിടിയിലായ രഹാം അലി വെല്‍ഡിങ് തൊഴിലാളിയാണ്. ജഹദ് അലി കോഴിക്കടയിലാണ് ജോലിചെയ്യുന്നത്.