പ്രതിപക്ഷ നേതാവിന് നേരെ ടിയര്‍ഗ്യാസും ജലപീരങ്കിയും, തലസ്ഥാനത്ത് തെരുവുയുദ്ധം

Kerala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലേക്ക് ടിയര്‍ഗ്യാസ് പ്രയോഗിച്ച് പൊലീസ്. പിന്നാലെ ജലപീരങ്കിയും. കോണ്‍ഗ്രസിന്റെ ഡി ജി പി ഓഫിസ് മാര്‍ച്ചിന്റെ ഉദ്ഘാടനം നടക്കവെയാണ് സ്റ്റേജ് ലക്ഷ്യമാക്കി ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി.

ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചതോടെ പ്രസംഗം തുടരാന്‍ കഴിയാതെ വന്നതോടെ പ്രതിപക്ഷ നേതാവ് പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിക്കുകയും ചെയ്തു. വേദിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പൊലീസ് കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെ, താന്‍ സംസാരിക്കുമ്പോഴാണ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെല്ലാം നടന്നത്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് പിന്‍മാറില്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് സതീശന്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഇതിനിടെ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലേറ് നടത്തി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിലും പ്രയോഗിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടിയെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിച്ച് പ്രതിഷേധിക്കുകയാണ്.