തൃശ്ശൂര്‍: ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് പിഴയിടാക്കിയതിന് പൊലീസ് ജീപ്പ് തകര്‍ത്ത ഡി വൈ എഫ് ഐ നേതാവിനെ ഇനിയും പിടികൂടാനായില്ല. ചാലക്കുടിയില്‍ ഡി.വൈ.എഫ്.ഐ. നേതാവ് നിധിന്‍ പുല്ലനും സംഘവുമാണ് വെള്ളിയാഴ്ച പൊലീസ് ജീപ്പ് തകര്‍ത്തത്. ഐ.ടി.ഐയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആഹ്ലാദപ്രകടനത്തിനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്നത് ചൂണ്ടിക്കാട്ടി ചാലക്കുടി പോലീസ് പിഴയടപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസ് ജീപ്പ് അടിച്ചുതകര്‍ക്കാന്‍ സംഘം തുനിഞ്ഞതെന്നാണ് പോലീസ് പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. ഐ.ടി.ഐയ്ക്ക് മുന്നിലുള്ള എല്ലാ കൊടിതോരണങ്ങളും നീക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതും പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ഈ അവസരം മുതലെടുത്ത് പൊലീസ് ജീപ്പ് തകര്‍ക്കുകയാണ് ചെയ്തത്.
ഡി.വൈ.എഫ്.ഐ. ചാലക്കുടി മേഖലാസെക്രട്ടറി ജിയോ കൈതാരന്‍ ഉള്‍പ്പെടെ പത്തോളം പേരെ രാത്രി വൈകി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. ആക്രമണം നടന്ന് അര മണിക്കൂര്‍ കഴിഞ്ഞ് സി.പി.എം. പ്രവര്‍ത്തകര്‍ക്കൊപ്പം നിധിന്‍ പുല്ലന്‍ നടന്നുപോയപ്പോള്‍ കാത്തുനിന്ന പോലീസ്‌സംഘം പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ സി.പി.എം. ഏരിയ സെക്രട്ടറി കെ.എസ്. അശോകന്‍, പ്രവര്‍ത്തകനായ ഗോപി (60), ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ അശ്വിന്‍ (22), സാംസണ്‍ (22) ഉള്‍പ്പെടെയുള്ളവര്‍ ഇത് തടഞ്ഞു. ബലപ്രയോഗത്തിലൂടെ നിധിനെ കൊണ്ടുപോകാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടക്കാതായപ്പോള്‍ ലാത്തി വീശി. നിധിന്‍ പുല്ലനെ പിടികൂടി റോഡിലൂടെ വലിച്ചുകൊണ്ടുപോയി ജീപ്പിട്ടിരുന്ന സ്ഥലത്തേക്കെത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് നിധിനെ മോചിപ്പിച്ചുകൊണ്ടുപോകുകയാണ് ചെയ്തത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്.