ധനവര്‍ത്തമാനം / ജോസ് സെബാസ്റ്റ്യന്‍
‘മുഖ്യമന്ത്രിയുടെ ചരിത്ര ഭരണഘടനാ ക്ലാസ്സിന്റെ ഫുള്‍ടെക്സ്റ്റ് ‘ എന്ന തലക്കെട്ടോടെ കെ. കെ. ഷാഹിന എന്ന പത്രപ്രവര്‍ത്തകയുടെ facebook പോസ്റ്റ് വന്നിരുന്നു. ഇതില്‍ മുഖ്യമന്ത്രി പറഞ്ഞതായി ഒരു വാക്യമുണ്ട്.
‘മദ്യത്തില്‍നിന്നും കൂടുതല്‍ വരുമാനം കിട്ടുന്ന ആദ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ കേരളമില്ല ‘
വസ്തുതാവിരുദ്ധമായ പ്രസ്ഥാവനയാണിത്. മുഖ്യമന്ത്രിക്ക് ഈ വിവരം നല്‍കിയവര്‍ ആശ്രയിച്ചിരിക്കുന്നത് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ excise ഡ്യൂട്ടിയെ സംബന്ധിച്ച ഡാറ്റയാണ്. തങ്ങളുടെ വാദം ന്യായീകരിക്കാന്‍ ഡാറ്റാ എങ്ങനെ തെറ്റായി ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണമാണിത്. മദ്യത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് മൂന്ന് തരം വരുമാനമുണ്ട്.
1)Excise ഡ്യൂട്ടി. ഇത് മുഖ്യമായും മദ്യ ഉത്പാദനത്തിന്മേലുള്ള നികുതിയാണ്. ലൈസന്‍സ് ഫീ, gallionage ഫീ എന്നിവയും ഇതിലുള്‍പെടും. മരുന്ന് ആവശ്യത്തിനുള്ള മയക്കു മരുന്നകളുടെ മേലുള്ള excise ഡ്യൂട്ടി ഇതില്‍പെടും. ഇത് പക്ഷെ നിസ്സാരമാണ്.
2)sales tax/ VAT. GST ഏര്‍പ്പെടുത്തിയപ്പോള്‍ മദ്യവും പെട്രോളിയം ഉത്പന്നങ്ങളും GST പരിധിക്കു വെളിയില്‍ നിര്‍ത്തി. ഇത് ഉപഭോഗത്തിന്മേലുള്ള നികുതിയാണ്. മദ്യ ഉപഭോഗം കുറക്കാന്‍ ഏറ്റവും ഉയര്‍ന്ന sales tax ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. 255%.
3 )പൊതുമേഖലയില്‍ ബെവ്‌കോ പോലെ മദ്യമൊത്തവ്യപാര കുത്തക ഉള്ള കമ്പനികള്‍ കൊടുക്കുന്ന ലാഭവിഹിതമാണിത്.
ഇതില്‍ ഏറ്റവും പ്രധാനം ഉപഭോഗത്തിന്മേലുള്ള sales tax/ VAT ആണ്. Excise ഡ്യൂട്ടി മദ്യ ഉത്പാദനം കേന്ദ്രീകരിച്ചിട്ടുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാണ് . അവസാന കണക്കുകള്‍ ലഭ്യമായ 2019-20 ല്‍ ഉത്തര പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടേത് യഥാക്രമം 27324.76, 21583.95, 15428.34, 11999.58, 10829.35 എന്നിങ്ങനെയാണ്. കേരളം 19 പ്രധാന സംസ്ഥാനങ്ങളില്‍ 15)o സ്ഥാനത്താണ്. 2255.28 ആണ് കേരളത്തിന്റേത്. മുഖ്യമന്ത്രി എത്രയോ ശരി.
എന്നാല്‍, സത്യം എന്താണ്?
മദ്യ ഉപഭോഗത്തിന്മേലുള്ള sales tax ആണ് മിക്കവാറും സംസ്ഥാനങ്ങളുടെ പ്രധാന വരുമാനം. 2019-20 ല്‍ ഈ ഇനത്തില്‍ കേരളം പിരിച്ചത് 10323.39 കോടി. ഇത് മുഖ്യമന്ത്രിക്ക് ഡാറ്റാ കൊടുത്ത കോതറന്മാര്‍ക്കു അറിയാത്തതല്ല. ഈ ഡാറ്റായില്‍ കേരളത്തിന്റേത് കിട്ടും. ബാക്കിയുള്ള സംസ്ഥാനങ്ങളുടേത് ഒരിടത്തും ക്രോഡീകരിച്ചു കിട്ടില്ല. RBI യില്‍ കിട്ടുന്നത് മദ്യത്തില്‍ നിന്നും പെട്രോളിയത്തില്‍ നിന്നും കിട്ടുന്നത് മൊത്തമാണ്. വേറെ വേറെ അല്ല. ആ വിവരം ലഭ്യമായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി ഈ പിശക് വരുത്തുകയില്ലായിരുന്നു.
സത്യത്തില്‍ മദ്യത്തില്‍നിന്നുള്ള മൊത്തം വരുമാനം സംസ്ഥാനത്തിന്റെ തനതുവരുമാനത്തിന്റെ ശതമാനം ആയിട്ട് എടുത്താല്‍ കേരളം ഒന്നാമതാകാന്‍ സാധ്യത ഉണ്ട്. 2019-20 ഇല്‍ ഇത് 20.1% ആണ്. ഇത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്താന്‍ ഡാറ്റാ ഇല്ല.
മറ്റൊരു പിശക് കേവല സംഖ്യകള്‍ എടുത്തുള്ള താരതമ്യമാണ്. 3.5 കോടി ജനങ്ങളുള്ള കേരളവും 22 കോടിയുള്ള ഉത്തര പ്രദേശും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ആളോഹരി ആയിട്ട് താരതമ്യം ചെയ്യണം. അല്ലെങ്കില്‍ തനത് വരുമാനത്തിന്റെ ശതമാനമായിട്ട് താരതമ്യം ചെയ്യണണം. അല്ലാതെ 10 സ്ഥാനങ്ങളില്‍ ഇല്ല കേരളം എന്നൊക്കെ പറയുന്നത് പരിഹാസ്യമാണ്.
മുഖ്യമന്ത്രിക്ക് ഇതൊക്കെ പരിശോധിക്കാന്‍ സമയമില്ല. അതിന്റെ ആവശ്യവും ഇല്ല. ഇതിന് കുറച്ചു വിവരവും വിദ്യാഭ്യാസവും ഉള്ളവരെ അഡൈ്വസറാക്കി വെക്കണം. ഏതായാലും തിരുത്തിക്കൊണ്ട്, മുഖ്യമന്ത്രി ഒരു പത്രകുറിപ്പെങ്കിലും ഇറക്കണം.